വി.കെ. തേവൻ
വയലാർ സമരത്തിൽ കർഷകത്തൊഴിലാളികൾ വലിയതോതിൽ പങ്കെടുത്തിരുന്നു. കർഷകത്തൊഴിലാളി കുടുംബത്തിലാണു തേവൻ ജനിച്ചു വളർന്നത്.
വയലാർ പുതുവൽ നികർത്തിൽ വീട്ടിൽ കൊച്ചുപെണ്ണിന്റെ മകനായി 1930-ൽ ജനനം. പത്താംക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായി. വയലാർ തെക്ക്, ചെറീത്തറ, കൊല്ലപ്പള്ളി, കുന്നുകുഴി എന്നിവിടങ്ങളിലായി വയലാറിൽ നാല് ക്യാമ്പുകളാണു തുറന്നത്. ഇതിൽ ചെറീത്തറ ക്യാമ്പിലായിരുന്നു തേവൻ. മേനാശ്ശേരിയിൽ ക്യാമ്പ് സംഘടിപ്പിച്ചത് ചെറീത്തറക്കാർ ആയിരുന്നു. വെടിവയ്പ്പ് സമയത്തു മേനാശ്ശേരി ക്യാമ്പിൽ ഉണ്ടായിരുന്നു. പട്ടാളക്കാരുടെ ആക്രമണത്തെ ചെറുക്കുവാൻ കിടങ്ങുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
തുടക്കത്തിൽ പത്തുപതിനഞ്ച് പട്ടാളക്കാർ പൊന്നാംവെളി പാലംവഴി പറപ്പള്ളി ചിറയിലെത്തി. തേവനും കൂട്ടരും അവരെ നേരിടാൻ തീരുമാനിച്ച് വാരിക്കുന്തവുമായി മുന്നോട്ടു നീങ്ങി. പൊടുന്നനെ വെടിവയ്പ്പ് ആരംഭിച്ചു. കൂടുതൽ പട്ടാളക്കാർ തോടുവഴി ബോട്ടിൽ എത്തിച്ചേർന്നു. വെടിവയ്പ്പ് രൂക്ഷമായപ്പോൾ കുളത്തിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന നാല് പേരും മരിച്ചു. തേവന്റെ വലതു ചെവിയുടെ അടുത്ത് കരണത്തും ഇടതുകവിളിലും വെടിയേറ്റു. പുറത്തും വെടിയേറ്റു. കുളക്കരയിൽ ചത്തപോലെ കിടന്നു രക്ഷപ്പെട്ടു.
ഒരാളുടെ സഹായത്തോടെ വീട്ടിലെത്തിച്ചേർന്നു. പറപ്പള്ളി കൊച്ചുവാവ ആശാൻ വന്ന് മുറിവെല്ലാം വച്ചുകെട്ടി. ഒൻപത് ദിവസം കഴിഞ്ഞു തേവന്റെ കുടുംബം പണിയെടുത്തിരുന്ന പാറേഴത്തുവീട്ടിലെ ജന്മി വള്ളത്തിൽ ആശുപത്രിയിൽ കൊണ്ടുപോയി. വഴിയിൽ പട്ടാളക്കാരുടെ അതിക്രമത്തിൽ നിന്നും കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ആശുപത്രിയിൽ കിടക്കുന്നവേളയിൽ ദിവാൻ സർ സിപിയുടെ സന്ദർശനം ഉണ്ടായിരുന്നു. അതുപ്രമാണിച്ച് ആശുപത്രിയൊക്കെ വൃത്തിയാക്കി അടുക്കും ചിട്ടയുമാക്കിയതായി തേവൻ ഓർക്കുന്നു. 15 ദിവസത്തിനുശേഷം കോട്ടയം ആശുപത്രിയിലേക്ക് പട്ടാള കാവലിൽ പോയി. അവിടെ നടന്ന ശസ്ത്രക്രിയയിലാണ് വലതുകരണത്ത് പതിച്ചിരുന്ന വെടിയുണ്ട നീക്കം ചെയ്തത്. ഒരുമാസം ആശുപത്രിയിൽ കിടന്നു. അതിനുശേഷമാണ് വീട്ടിലേക്കു മടങ്ങിയത്.
പിഇ-10/1122 നമ്പർ കേസിൽ പ്രതിയാക്കാൻ നീക്കമുണ്ടായി. ഒളിവിൽ പോയി. ജന്മിയുടെ സഹായത്തോടെ കേസിൽ നിന്നും ഒഴിവായി. 1955-ലെ ഗോവൻ വിമോചന സമരത്തിൽ സി.കെ. ചന്ദ്രപ്പനും കെ.ജി. മത്തായിയോടുമൊപ്പം പങ്കെടുക്കാൻ വയലാറിൽ നിന്നും പോയി.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റായിരുന്നു. 2009ജൂൺ 8-ന് അന്തരിച്ചു.ഭാര്യ: അമ്മിണി. മക്കൾ:അജയൻ, സിന്ധു, ഗിരിജ.