വി.കെ. നാരായണൻ
മണ്ണഞ്ചേരി കലവൂർ വടക്കേവെളിയിൽ വീട്ടിൽ കറുമ്പന്റെ പുത്രനായി 1921-ൽ ജനിച്ചു. കലവൂർ സ്കൂളിൽ ഏഴാംക്ലാസ്സ് വരെ പഠനം. കയർഫാക്ടറിതൊഴിലാളി ആയിരുന്നു. യൂണിയനിൽ സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. ആര്യാട് വടക്ക് വലിയവീട്ടിൽ ക്ഷേത്രപരിസരത്തെ ക്യാമ്പിൽ അംഗമായിരുന്നു. കണ്ണർകാട്, വിരിശ്ശേരി കാമ്പുകളിലും പ്രവർത്തിച്ചു. ക്യാമ്പുകൾതോറും കാൽനടയായി എത്തി സന്ദേശങ്ങൾ കൈമാറുന്നതിനു ചുമതലയുണ്ടായിരുന്നു. പലപ്പോഴും പോലീസ് പിന്തുടർന്നെങ്കിലും ആൾമാറാട്ടത്തിലൂടെ തന്ത്രപരമായി രക്ഷപെടുകയായിരുന്നു. വലിയവീട് ക്യാമ്പിൽ നിന്നും ആലപ്പുഴയിലേയ്ക്കു നടത്തിയ മാർച്ചിൽ പങ്കെടുത്തു. മാരാരിക്കുളം വെടിവയ്പ്പ് അറിഞ്ഞതിനുശേഷം സമരവോളണ്ടിയർമാർ വാരിക്കുന്തവുമേന്തി അങ്ങോട്ടേക്കു പുറപ്പെട്ടു. പക്ഷേ, പട്ടാളക്കാരെ വീണ്ടും കടന്നാക്രമിക്കേണ്ട എന്നായിരുന്നു തീരുമാനം. തുടർന്ന് ഒളിവിൽ പോയി. കേവുവള്ളത്തിൽകയറി എറണാകുളത്തേയ്ക്ക് കടന്നു. തിരിച്ചെത്തിയപ്പോൾ കേസ് നിലവിലുള്ളതിനാൽ കയർ കമ്പനി ഉടമ തൊഴിൽ നിഷേധിച്ചു. തൊഴിൽ നഷ്ടപ്പെട്ട് വീണ്ടും നാടുവിടേണ്ടിവന്നു. 2002 നവംബറിൽ അന്തരിച്ചു. ഭാര്യ: കൊച്ചുപാറു. മക്കൾ: ശാന്തകുമാരി, ശശിധരൻ, ചന്ദ്രമോഹൻ, വി.എൻ. മോനപ്പൻ, ഉഷാകുമാരി.