വി.കെ. വാസു
മണ്ണഞ്ചേരി പഞ്ചായത്ത് ആപൂരിൽ പറമ്പിത്തറ വെളിയിൽ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. പുളിക്കൽ വാസു എന്നായിരുന്നു വിളിപ്പേര്. മാരാരിക്കുളം പാലം തകർക്കുന്ന ടീം അംഗമായിരുന്നു. പട്ടാളം തോക്കിന്റെമുനകൊണ്ടു വാസുവിന്റെ കാലിൽ കുത്തി തുളവീഴ്ത്തി. മാസങ്ങൾക്കുശേഷമാണ് മുറിവ് ഉണങ്ങിയത്.
1947 ആഗസ്റ്റ് 14-ന് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ആലപ്പുഴ ഓഫീസിന് മുകളിൽദേശീയ പതാകയും രക്തപതാകയും ഉയർത്താൻ പാർട്ടി തീരുമാനിച്ച മൂന്നുപേരിൽ ഒരാൾ വാസു ആയിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് യൂണിയൻ ഓഫീസിനു മുകളിൽ കൊടി ഉയർത്തി.
നിരോധന സമരകാലത്ത് വാസുവായിരുന്നു ദേശാഭിമാനി പത്രവിതരണം നടത്തിയിരുന്നത്. മുഹമ്മയിൽ ബോട്ടിലാണ് പത്രം എത്തുക. കാലിൽ പത്രം കെട്ടിവച്ചതിനുശേഷം മുണ്ട് അഴിച്ചിട്ട് പത്രം മറച്ചുപിടിച്ച് നടക്കും. ഇതിനിടയിൽ ഒരിക്കൽ ആലപ്പുഴയിൽവച്ച് പൊലീസ് പിടികൂടി മർദ്ദിച്ചു. മരിച്ചെന്നു കരുതി തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ആലപ്പുഴ സബ് ജയിലിൽ കഴിയുമ്പോൾ മുടിവെട്ടാനോ സോപ്പ് തേയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഇതിനെതിരെ ജയിലിൽ നിരാഹാരസമരം നടത്തി. ക്രൂരമായ മർദ്ദനമേറ്റു. ആലപ്പുഴ ആശുപത്രിയിലും നിരാഹാരം തുടർന്നു. അധികൃതർക്കു കീഴടങ്ങേണ്ടിവന്നു.
ചുങ്കത്തെ കയർ പാണ്ടികശാലയിൽ കയർ കെട്ടായിരുന്നു ആദ്യകാലത്ത് വാസുവിന്റെ ജോലി. പിന്നീട് കന്നിട്ട തൊഴിലാളി യൂണിയന്റെ നേതാവായി. 1943-ലാണ് വാസുവിനു പാർടി അംഗത്വം ലഭിച്ചത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായി. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ കമലാക്ഷി. മക്കൾ നാല് പേർ.

