വി.ജെ. ഏലിയാമ്മ
ആലപ്പുഴ വിപ്ലവപ്രസ്ഥാനത്തിലെ ഒരു തീപ്പൊരി ആയിരുന്നു വി.ജെ. ഏലിയാമ്മ. ഫാക്ടറികളിലെ സമരങ്ങളിൽ മുന്നണി പോരാളിയായിരുന്ന ഏലിയാമ്മ പൊലീസ് മർദ്ദനത്തിനെതിരെ അസംബ്ലിയിൽ പ്രതിഷേധിച്ചവരിൽ ഒരാളാണ്.
ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ എന്ന സ്ഥലത്ത് വെളിയിൽ വീട്ടിൽ മാത്തുവിന്റെ മകളായിരുന്നു ഏലിയാമ്മ. പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചില്ല. മധുര കമ്പനിയിൽ നന്നേ ചെറുപ്പത്തിൽ കയർപിന്നൽ ജോലിക്കു കയറി. അധികം താമസിയാതെ സജീവ ട്രേഡ് യൂണിയൻ പ്രവർത്തകയായി. ഡാറാസ്മെയിൽ കമ്പനിയിൽ പണിയെടുക്കുന്ന കാലത്താണ് ആദ്യമായി പൊലീസ് മർദ്ദനം ഏൽക്കുന്നത്. കരിങ്കാലികളെ ചെറുത്ത ഏലിയാമ്മയെ പൊലീസ് ഇൻസ്പെക്ടർ കാനയിലേക്ക് വലിച്ചെറിഞ്ഞു. ലാത്തികൊണ്ട് അടിച്ചു. ബോധം തെളിയുമ്പോൾ യൂണിയൻ ആഫീസിൽ കിടക്കുകയായിരുന്നു. പൊതുയോഗത്തിൽവച്ച് പി.ടി. പുന്നൂസാണ് മീനാക്ഷിക്കും ഏലിയാമ്മയ്ക്കും പാർടി അംഗത്വം നൽകിയത്.
പുന്നപ്ര-വയലാർ സമരത്തിനുശേഷം ക്യാമ്പിൽനിന്നും പിടിച്ചെടുത്ത തോക്കുകളിൽ മൂന്നെണ്ണം കുറച്ചു സമയത്തേക്ക് ഏലിയാമ്മയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതു പുറത്ത് അറിഞ്ഞതോടെ ഏലിയാമ്മ ഒളിവിൽ പോയി. ആദ്യം ആലപ്പുഴ നഗരത്തിലെതന്നെ ഒരു കൈതക്കാട്ടിലും പിന്നീട് കൊച്ചിയിലെ അമരാവതിയിലും ഒളിവിൽ കഴിഞ്ഞു. വാറണ്ട് പിൻവലിച്ചൂവെന്ന് അറിഞ്ഞ് തിരിച്ച് ആലപ്പുഴയിൽ വന്നു.
ടി.കെ. നാരായണപിള്ളയുടെ മർദ്ദകഭരണത്തിന് എതിരായി നിയമസഭയിൽ പ്രതിഷേധിക്കന്നതിനു വോളണ്ടിയർമാരായി മുന്നോട്ടുവന്നവരിൽ പ്രഭാകരൻ, ശ്രീധരൻ എന്നിവരോടൊപ്പം ഏലിയാമ്മയും ഉണ്ടായിരുന്നു. കാളിക്കുട്ടി ആശാട്ടി ഏലിയാമ്മയ്ക്കു സഹായിയായി പി.എ. മേരി എന്നൊരു പെൺകുട്ടിയേയും കൂട്ടി.
മുണ്ടും ചട്ടയുമാണ് ഏലിയാമ്മയുടെ വേഷം. നിയമസഭയിൽ ഉടുക്കാൻ എണ്ണക്കാട്ടു കൊട്ടാരത്തിലെ തങ്കച്ചിമാരുടെ സാരിയും ബ്ലൗസും സഖാക്കൾ കൊണ്ടുവന്നു. ആദ്യം ഏലിയാമ്മയും മേരിയും കടന്നിരുന്നത് നിയമസഭാ അംഗങ്ങളുടെ സീറ്റിലായിരുന്നു. അക്കാമ്മ ചെറിയാനാണ് മുകളിലേക്കു പറഞ്ഞുവിട്ടത്. പ്രഭാകരനും ശ്രീധരനും ആദ്യം മുദ്രാവാക്യം വിളിച്ച് പൊലീസ് പിടിയിലായി. കുറേക്കഴിഞ്ഞ് ടി.എം. വർഗീസ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഏലിയാമ്മയും മേരിയും ചെങ്കൊടിവീശി മർദ്ദകഭരണത്തിനെതിരെ മുദ്രാവാക്യംവിളിച്ചു. പൊലീസ് അറസ്റ്റുചെയ്തു പാളയം സ്റ്റേഷനിൽ കൊണ്ടുവന്നു. കാണാൻവന്ന ആനിമസ്ക്രീനിനോട് ആലപ്പുഴയിലെ മർദ്ദനങ്ങളെക്കുറിച്ച് ഏലിയാമ്മ കയർത്തു സംസാരിച്ചു. കോടതി 15 ദിവസം സെൻട്രൽ ജയിലിൽ തടവുശിക്ഷ വിധിച്ചു.
ജയിലിൽ നിന്നു പുറത്തിറങ്ങിയശേഷം വീണ്ടും ഒളിവിൽ പോകേണ്ടിവന്നു. കാർത്തികപള്ളിയിലെ പല വീടുകളിലും ഒളിവിലിരുന്നു. എണ്ണക്കാട്ട് കൊട്ടാരത്തിലും കുറച്ചുദിവസം ഉണ്ടായിരുന്നു. യൂണിയനിലും മഹിളാസംഘത്തിലും സജീവമായിതുടർന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.