വർഗീസ് വൈദ്യൻ
11 തവണ അറസ്റ്റ് ചെയ്യപ്പെടുകയും 14 ലോക്കപ്പുകളിലും 2 സബ് ജയിലുകളിലും സെൻട്രൽ ജയിലിലുമായി 7 വർഷം തടവുശിക്ഷ അനുഭവിക്കുകയും 3 വർഷം ഒളിവിൽ പ്രവർത്തിക്കുകയും ചെയ്ത ത്യാഗനിർഭരമായ ജീവിതമാണ് വർഗീസ് വൈദ്യന്റേത്.
പ്രസിദ്ധമായ തേവലക്കര കണ്ണ് വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട കുഞ്ഞാക്കണ്ട വൈദ്യന്റെയും മറിയാമ്മയുടെയും മകനായി തേവലക്കര തോട്ടത്തിൽ വീട്ടിൽ 1914-ൽജനിച്ചു. അവരുടെ വൈദ്യശാല ആലപ്പുഴയിലേക്കു മാറ്റിയതോടെ വിദ്യാഭ്യാസം ആലപ്പുഴ സനാതനം ഹൈസ്കൂളിലായി. അനാരോഗ്യംമൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലെങ്കിലും സ്വകാര്യമായി ആയൂർവേദവും സംസ്കൃതവും പഠിച്ചു.
വൈദ്യശാലയിൽ വന്നിരുന്ന ചില ഉല്പതിഷ്ണുക്കളുടെ സ്വാധീനത്തിൽ സ്വാതന്ത്ര്യസമരത്തിൽ തല്പരനായി. 1932-ൽ മട്ടാഞ്ചേരിയിൽ കണ്ണ് വൈദ്യശാല തുടങ്ങിയതോടെ ദേശീയപ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവമായി. പി. കേശവദേവ്, ഡോ. തയ്യിൽ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെല്ലാം ചേർന്ന് ഭഗത് സിംഗ് മോഡലിൽ കേരള റിപ്പബ്ലിക്കൻ പാർടി ആരംഭിച്ചതോടെ വർഗീസ് വൈദ്യൻ അറസ്റ്റ് ചെയ്യപ്പെട്ടു. കൊച്ചിയിൽ നിന്നു പുറത്താക്കപ്പെട്ടു. വീണ്ടും തിരിച്ച് ആലപ്പുഴയിലേക്കു വന്നു.
1938-ൽ രൂപീകരിച്ച ആലപ്പുഴ കോൺഗ്രസ് ടൗൺ കമ്മിറ്റിയിൽ റ്റി.വി. തോമസും വർഗീസ് വൈദ്യനും അംഗങ്ങളായിരുന്നു. ആഗസ്റ്റ് 26-ന് നിയമലംഘനം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടു. എറണാകുളത്തു നിന്ന് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സാഹിത്യ രചനകൾ കൊണ്ടുവന്ന് തിരുവിതാംകൂറിൽ വിതരണം ചെയ്യലായിരുന്നു വർഗീസ് വൈദ്യന്റെ ചുമതല. 18 മാസത്തെ ജയിൽശിക്ഷയ്ക്കു വിധേയനായി. സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചപ്പോൾ മോചിതനായി.
സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗുകാരോടൊപ്പം വർഗീസ് വൈദ്യനും ആലപ്പുഴയിലെ പണിമുടക്കിനെ സഹായിക്കാനെത്തി. നിരോധനം ലംഘിച്ച് യോഗം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. 1939-ൽ രാജ്യദ്രോഹ കുറ്റത്തിന് വീണ്ടും ജയിലിലടച്ചു. ജയിലിൽ നിന്നും പുറത്തുവന്ന വർഗീസ് വൈദ്യനെ എസ്.കെ. ദാസ്, സി.കെ. കേശവൻ എന്നിവരോടൊപ്പം കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു പാർടി നിയോഗിച്ചു.
പള്ളാത്തുരുത്തിയിലെ ഉമ്മറിന്റെ ചായക്കടയിൽ വിളിച്ചുകൂട്ടിയ കർഷകത്തൊഴിലാളികളുടെ ഒരു ചെറിയ സമ്മേളനമായിരുന്നു തുടക്കം. തുടർന്ന് കുട്ടമംഗലത്ത് ചെറുകായലിൽ ജാനകിയമ്മയുടെ വീട്ടിൽവച്ച് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമായി. വർഗീസ് വൈദ്യൻ പ്രസിഡന്റും എസ്.കെ. ദാസ് ജനറൽ സെക്രട്ടറിയും വി.എസ്. അച്യുതാനന്ദൻ ജോയിന്റ് സെക്രട്ടറിയുമായുള്ള കർഷകത്തൊഴിലാളി പ്രസ്ഥാനം കുട്ടനാട് ആകെ വ്യാപിക്കുന്നതിന് അധികകാലം വേണ്ടിവന്നില്ല.
അസാധാരണമായ ധീരതയുള്ള ആളായിരുന്നു വർഗീസ് വൈദ്യൻ. വെള്ളിസ്രാക്കൽ, മന്ത്രി കെ.എം. കോരയുടെ പാടത്ത് തൊഴിലാളി സമരത്തെത്തുടർന്ന് പിക്കറ്റ് ചെയ്തുവരെ പൊലീസ് അറസ്റ്റു ചെയ്ത. അവരെ കാണാൻ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയ വൈദ്യനെ രണ്ടുതവണ മർദ്ദിച്ചശേഷം വീണ്ടും മർദ്ദിക്കാനായി എസ്ഐയുടെ മുന്നിൽ ഹാജരാക്കിയപ്പോൾ വൈദ്യൻ പ്രകോപിതനായി എസ്ഐയുടെ നേരെ വിരൽചൂണ്ടി പറഞ്ഞു: “എടാ പുല്ലേ എന്നെ കൊല്ലുന്നെങ്കിൽ ഇപ്പോ കൊന്നോണം, ഞാൻ ജീവിച്ചിരുന്നാൽ നിന്നെ വെട്ടിക്കൊല്ലും.” വൈദ്യനെയും അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരെയും പിന്നീട് ആരും തല്ലിയില്ല. എന്നാൽ കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടതിനു പലതവണ ജന്മി ഗുണ്ടകളുടെ ഭീകരമർദ്ദനത്തിന് ഇരയായി.
പുന്നപ്ര-വയലാർ സമരകാലമായപ്പോഴേക്കും വർഗീസ് വൈദ്യന്റെ പ്രവർത്തനമേഖല വീണ്ടും ആലപ്പുഴയിലേക്കു മാറി. കയർ യൂണിയന്റെ ഖജാൻജിയായി. സമരം സംബന്ധിച്ച് ഒക്ടോബർ 19-ന് സെൻട്രൽ ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിനു ടി.വി. തോമസ് പ്രത്യേകക്ഷണപ്രകാരം പോയത് വർഗീസ് വൈദ്യനെയും കൂട്ടിക്കൊണ്ടായിരുന്നു. ഈ യോഗത്തിൽവച്ച് വർഗീസ് വൈദ്യൻ ഉടൻ തന്നെ തിരുവിതാംകൂറിനു പുറത്തുപോയി പ്രചാരണത്തിനു നേതൃത്വം കൊടുക്കണമെന്നും റ്റി.വി. തോമസും പി.കെ. പത്മനാഭനും ആലപ്പുഴയിൽ പരസ്യമായി നിൽക്കണമെന്നും തീരുമാനമുണ്ടായി.
പുന്നപ്ര-വയലാർ കേസിൽ തടവിലായ വൈദ്യൻ മറ്റു സഖാക്കൾക്കൊപ്പം 1947 ഡിസംബറിൽ ജയിൽ മോചിതനായി. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടിയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങളിൽ ഒരാളായിരുന്ന വർഗീസ് വൈദ്യൻ പാർടി പ്രവർത്തനങ്ങളിൽ വ്യാപൃതനായി. കൽക്കട്ട തീസീസിനെതുടർന്നു പാർടി വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ ഒളിവിൽപോയി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1952 ജനുവരിയിൽ പുറത്തുവന്ന വർഗീസ് വൈദ്യൻ ദീർഘനാളത്തെ തന്റെ പ്രണയപാത്രമായ പൂപ്പള്ളിയിലെ തങ്കമ്മയെ വിവാഹം ചെയ്തു. 1953-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുയിലെ കൗൺസിലറായി. പ്രവർത്തനം വീണ്ടും കുട്ടനാട് കേന്ദ്രീകരിച്ചായി.
1957-ലെ തെരഞ്ഞെടുപ്പിൽ തകഴി മണ്ഡലത്തിൽ നിന്നും മത്സരിച്ചു തോറ്റു. തുടർന്ന്, പാർടിയിൽ നിന്നും അവധിയെടുത്ത് കോൺട്രാക്ട് തൊഴിലിൽ ഏർപ്പെട്ടു. 1964-ൽ പാർടി ഭിന്നിച്ചപ്പോൾ സിപിഐയുടെ നിലപാടിനൊപ്പമായിരുന്നു വൈദ്യൻ. 1980-കളുടെ തുടക്കത്തിൽ എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ ആൾ ഇന്ത്യാ കമ്മ്യൂണിസ്റ്റ് പാർടി (എഐസിപി) രൂപംകൊണ്ടപ്പോൾ വൈദ്യൻ ആ സംഘടനയുടെ കേരളത്തിലെ നേതാവായി. ഇതോടെ കേരളത്തിലെ രാഷ്ട്രീയരംഗത്തുനിന്നും മറയപ്പെട്ടു. 1989 ആഗസ്റ്റ് 9-ന് അന്തരിച്ചു. മക്കൾ: ലാൽ വർഗീസ്, ചെറിയാൻ കല്പകവാടി.