സി.കെ. കരുണാകരപണിക്കർ
മുഹമ്മയിലെ ചീരപ്പൻചിറ തറവാട്ടിലെ കാരണവർ സി.കെ. കരുണാകരപണിക്കർ ആയിരുന്നു മാരാരിക്കുളം സമരത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാൾ. 1904-ൽ കൃഷ്ണപണിക്കരുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകനായി ജനിച്ചു. ഏഴാംക്ലാസിൽ വച്ച് സ്കൂൾ വിദ്യാഭ്യാസം നിർത്തി. പന്തുകളി, കുതിരസവാരി, പക്ഷിവേട്ട തുടങ്ങിയ കായികവിനോദങ്ങളിലായിരുന്നു താല്പര്യം.
എൻ.കെ. അയ്യപ്പനാണ് സ്ഥലത്തെ പ്രധാന പ്രമാണിയായ കരുണാകരപണിക്കരെ തൊഴിലാളി വായനശാലയുടെ പ്രസിഡന്റാകാൻ പ്രേരിപ്പിച്ചത്. വായനശാലയുടെ പേര് തൊഴിലാളി എന്ന് ആയിരുന്നതിൽ പണിക്കർക്ക് ആദ്യം വൈമനസ്യം ഉണ്ടായിരുന്നു. എന്നാൽ അധികം താമസിയാതെ വായനശാല കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന തിരുവിതാംകൂർ ലേബർ അസോസിയേഷൻ ബ്രാഞ്ചിന്റെ പ്രസിഡന്റായും പിന്നീട് 1938-ൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായും സ്ഥാനം ഏറ്റെടുക്കുന്നതിലേക്കെത്തി. വില്യം ഗുഡേക്കറിലെ ആദ്യത്തെ സമരം വിജയിക്കുന്നതിൽ പണിക്കരുടെ നേതൃത്വം ഒരു പ്രധാന ഘടകമായിരുന്നു. കോൺഗ്രസിന്റെ മുഹമ്മ മണ്ഡലം കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു.
നാട്ടിലെ ഏതാണ്ട് എല്ലാ തർക്കപ്രശ്നങ്ങളും ചീരപ്പൻചിറയിലെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പായിക്കൊണ്ടിരുന്നത്. കരുണാകരപണിക്കർ യൂണിയന്റെ പ്രസിഡന്റ് ആയതോടെ നാട്ടിലെ ഇത്തരം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള വേദിയായി യൂണിൻ മാറി. യൂണിയൻ ഓഫീസിൽ മധ്യസ്ഥത്തിനു പ്രത്യേക ഫയലുകൾ ഉണ്ടായിരുന്നു. ഇതൊക്കെ ബഹുജനങ്ങൾക്കിടയിൽ യൂണിയനു വലിയ സാമൂഹ്യ അംഗീകാരം നേടിക്കൊടുത്തു. 1938-ലെ പണിമുടക്കിന് അചഞ്ചലമായ നേതൃത്വം കൊടുത്തു.
1938-ലെ പണിമുടക്കം വിജയിപ്പിക്കുന്നതിനുവേണ്ടി യൂണിയൻ അതിർത്തിയിലെ എല്ലാ പ്രചാരണ യോഗങ്ങളിലും പണിക്കർ തന്നെ പങ്കെടുക്കുകയുണ്ടായി. തുടർന്ന് ചെറുകിട ഫാക്ടറികളിൽ ഒത്തുതീർപ്പു വ്യവസ്ഥ നടപ്പാക്കുന്നതിനുവേണ്ടിയുള്ള സമരങ്ങൾക്കും നേതൃത്വം നൽകി. 1943-ൽ പാർട്ണർഷിപ്പിൽ ഒരു ചെറുകിട കയർ ഫാക്ടറി ആരംഭിച്ചു. ഇവിടെ കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നല്കിയിരുന്നുവെന്നുള്ളതുകൊണ്ട് യൂണിയൻ പ്രസിഡന്റായി തുടരുന്നതിനു യാതൊരു പ്രയാസവുമുണ്ടായില്ല.
മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ അതിർത്തിയിൽ പുന്നപ്ര-വയലാർ സമരത്തിന്റെ സംഘാടനവും പ്രചാരണവും പൊതുവിൽ പണിക്കരുടെ നേതൃത്വത്തിൽ ആയിരുന്നു. ഒക്ടോബർ 24-ന് പട്ടാളനീക്കത്തെ തടയുന്നതിനുവേണ്ടി മാരാരിക്കുളം, മുഹമ്മ പടിഞ്ഞാറ്, സംസ്കൃത ഹൈസ്കൂൾ, മായിത്തറ എന്നിവിടങ്ങളിലുള്ള നാല് പാലങ്ങളും ഒരേരൂപത്തിൽ തകർക്കുന്നതിന് ആസൂത്രണം ചെയ്തത് പണിക്കർ ആയിരുന്നു. മാരാരിക്കുളം വെടിവയ്പ്പിനെ തുടർന്ന് അവിടേക്ക് ഓടിയെത്തിയ പണിക്കരെയും അയ്യപ്പനെയും തൊഴിലാളികൾ കർശനമായി വിലക്കി പിന്തിരിപ്പിക്കുകയാണു ചെയ്തത്.
വെടിവയ്പ്പിനുശേഷം ആക്ഷൻകൗൺസിൽ തീരുമാനമനുസരിച്ച് ഒളിവിൽപ്പോയി. കുറച്ചുദിവസം മുഹമ്മയിൽ തന്നെയുള്ള വീടുകളിൽ കഴിഞ്ഞുകൂടി. എന്നാൽ പൊലീസിന്റെ ഇടതടവില്ലാത്ത പരിശോധന കർശനമായപ്പോൾ മുഹമ്മ വിട്ട് പുറത്ത് ഒളിവിൽപ്പോയി. ഇതു സന്ദർഭമായിക്കണ്ട് ചിലർ പണിക്കരുടെ വീടിനു നാശനഷ്ടമുണ്ടാക്കുകയും പുതിയ വീട് പണിയാൻ തയ്യാറാക്കിവച്ചിരുന്ന തടികളും മറ്റും കവർച്ച ചെയ്യുകയും ചെയ്തു. അതുപോലെതന്നെ 1943-ൽ പാർട്ണർഷിപ്പിൽ സ്ഥാപിച്ചിരുന്ന കയർ കമ്പനിയും അന്യാധീനപ്പെട്ടു.
പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ താമസിച്ചിരുന്ന പണിക്കർ കേസ് പിൻവലിച്ചശേഷം തിരിച്ചുവന്നു. പല കവർച്ചവസ്തുക്കളും തിരികെക്കിട്ടി. വ്യവസായ സ്ഥാപനവും സ്വത്തും സംബന്ധിച്ച് ഒത്തുതീർപ്പു ചർച്ചകൾ നടത്തുന്നവേളയിലാണ് 1948-ൽ കോൺഗ്രസ് സർക്കാർ പണിക്കരെ കരുതൽതടങ്കൽ നിയമം ഉപയോഗിച്ച് തുറുങ്കലിലടച്ചത്. അതോടെ ഈ സ്വത്തുക്കൾ പൂർണ്ണമായും നഷ്ടപ്പെട്ടു. ജയിലിൽവച്ച് രോഗം മൂർച്ഛിച്ചതിനെതുടർന്ന് 1950-ൽ വിട്ടയച്ചു.
കൗതുകകരമായ ഒരു കാര്യം ഇക്കാലമത്രയും പണിക്കർ പാർടി അംഗമായിരുന്നില്ല എന്നുള്ളതാണ്. 1951-ലാണ് പാർടി അംഗമായത്. 1955 വരെ യൂണിയൻ പ്രസിഡന്റായി തുടർന്നു. രോഗംമൂലം സ്ഥാനമൊഴിഞ്ഞ് പഞ്ചായത്ത് മെമ്പറെന്ന നിലയിൽ മുഹമ്മയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്നു. 1969 ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് സ. സുശീലഗോപാലന്റെ വസതിയിൽവച്ച് കരുണാകരപണിക്കർ അന്തരിച്ചു.
പണിക്കർ അവിവാഹിതനായിരുന്നു. സഹോദരങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിൽ എടുത്തുപറയേണ്ടുന്ന പേര് സഹോദരി മാധവിയമ്മയുടേതാണ്. ആദ്യകാലത്ത് ചിലപ്പോഴെങ്കിലും യൂണിയൻ പ്രവർത്തനവും മറ്റും അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പണിക്കർ ചിന്തിച്ചിരുന്നു. മാധവിയമ്മയാണ് പണിക്കരെ പൊതുരംഗത്ത് ഉറപ്പിച്ചുനിർത്തിയത്.
ചീരപ്പൻചിറ വീട് നേതാക്കളുടെ താവളവും പ്രവർത്തകർ ഒത്തുചേരുന്ന സ്ഥലവുമായിരുന്നു. ആലപ്പുഴയിൽ വരുന്ന നേതാക്കളിൽ അവിടെ താമസിക്കാത്തവർ വിരളമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിനു ശേഷം തൊണ്ടുതല്ലി, കയർ പിരിച്ച് ആവശ്യങ്ങൾക്കു പണം കണ്ടെത്തേണ്ടി വന്നു. പണിക്കർ തൃശ്നാപള്ളിയിലും മറ്റും ഒളിവിൽ കഴിഞ്ഞപ്പോൾ പണം വീട്ടിൽ നിന്നും എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു.
മാധവിയമ്മയുടെ മകളുമായിരുന്നു സുശീലാ ഗോപാലൻ. ചീരപ്പൻചിറ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്താണ് എകെജി സുശീലയുമായി പരിചയപ്പെടുന്നത്. സഹോദരൻ സി.കെ. കരുണാകരപണിക്കരെ ഒരു വിപ്ലവകാരിയായി രൂപപ്പെടുത്തിയതിലും മകൾ സുശീലയെ വിപ്ലവ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നതിലും ആ മാതാവിനുള്ള പങ്ക് നിസീമമാണ്.