സി.കെ. കുമാരപണിക്കർ
വയലാർ മേഖലയിലെ സമരനായകൻ ആയിരുന്ന സി.കെ. കുമാരപണിക്കർ ‘വയലാർ സ്റ്റാലിൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ചേർത്തലയിലെ ഒരു ഈഴവ പ്രമാണി കുടുംബത്തിൽ 1906-ൽ ജനിച്ചു. മുഹമ്മ ചീരപ്പൻചിറയിലെ കാരണവരുടെ അനന്തരവളായ പാർവ്വതിയായിരുന്നു അമ്മ. പാണാവള്ളി പള്ളശ്ശേരി കുടുംബത്തിലെ കാരണവർ കുട്ടിപണിക്കർ ആയിരുന്നു അച്ഛൻ. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതുകൊണ്ട് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
വിദ്യാർത്ഥികാലം മുതൽ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് ഇവ നിർത്തലാക്കുന്നതിന് “സംക്രാന്തി പത്ത്” പോലുള്ള യുവാക്കളുടെ സംഘങ്ങൾ ചേർത്തലയിൽ പ്രവർത്തിച്ചിരുന്നു. കുമാരപണിക്കരും അത്തരമൊരു സംഘത്തിന്റെ നേതാവായിരുന്നു. അങ്ങാടിയിൽ സ്ത്രീകളുടെ സ്വൈര്യംകെടുത്തിയിരുന്ന തെമ്മാടികളെ അമർച്ച ചെയ്തു. ഇതെല്ലാം പണിക്കർക്ക് പ്രായത്തിൽ കവിഞ്ഞ സാമൂഹ്യ അംഗീകാരം നേടിക്കൊടുത്തു.
1938-ലെ കയർ ഫാക്ടറി തൊഴിലാളികളുടെ പണിമുടക്കമാണ് പണിക്കരിൽ പരിവർത്തനം സൃഷ്ടിച്ചത്. ജാതിക്കെതിരായ ഒറ്റയാൻ സമരങ്ങൾക്കു പകരം സംഘടിതപ്രസ്ഥാനങ്ങളുടെ ഭാഗമാകാൻ തുടങ്ങി. സി.ജി. സദാശിവനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തപ്പോൾ ജാമ്യത്തിൽ ഇറക്കിയത് കുമാരപണിക്കർ ആയിരുന്നു. 1941-ൽ സി.ജി. സദാശിവൻ കോട്ടയത്തേക്കു പ്രവർത്തനമണ്ഡലം മാറ്റിയപ്പോൾ വാർഷിക യോഗത്തിൽവച്ച് പണിക്കരെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പണിക്കർക്ക് ഉണ്ടായിരുന്ന സാമൂഹ്യപ്രാമാണിത്വം തൊഴിലാളി യൂണിയൻ വളർത്താൻ സഹായകമായി. ചേർത്തല കയർ ഫാക്ടറി യൂണിയന്റെ അംഗത്വം 5000 കടന്നു.
അധികം താമസിയാതെ ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും ബീഡി തൊഴിലാളി യൂണിയനും പണിക്കരുടെ നേതൃത്വത്തിൽ രൂപംകൊണ്ടു. ചേർത്തല കന്നിട്ട ആൻഡ് ഓയിൽമിൽ തൊഴിലാളി യൂണിയന്റെ പ്രസിഡന്റും കുമാരപണിക്കർ ആയിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ സംഘടിപ്പിക്കാൻ കെ.ആർ. സുകുമാരന് എല്ലാ സഹായവും ചെയ്തുകൊടുത്തു.
തൊഴിലാളികളെ നിലയ്ക്കു നിർത്താൻ പ്രമാണിമാർ മർദ്ദനം അഴിച്ചുവിട്ടു. കടയ്ക്കരപള്ളി, വെട്ടയ്ക്കൽ പ്രദേശത്തെ കർഷകത്തൊഴിലാളികൾ പണിക്കരുടെ വീടിനുചുറ്റും അഭയംപ്രാപിച്ചു. തൊഴിലാളികളെ തെങ്ങിൽ കെട്ടിവച്ചു മർദ്ദിച്ച ഗുണ്ടകളെ പണിക്കരുടെ നേതൃത്വത്തിൽ തിരിച്ചു തല്ലി. ഒരു ഗുണ്ടാനേതാവായ രാമനെ വകവരുത്തി. അതോടെ സായുധ പൊലീസ് രംഗപ്രവേശനം ചെയ്തു. ഭയചകിതരായ പാവങ്ങൾ സ്വയംരക്ഷയ്ക്കു ക്യാമ്പുകളിൽ സംഘടിക്കാൻ തുടങ്ങി.
ഒളതല, പൊന്നാംവെളി, വെട്ടയ്ക്കൽ, കടക്കരപള്ളി, കളവംകോടം, വേളാർവട്ടം, മേനാശ്ശേരി, വയലാർ, വടക്കൻ വയലാർ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ഉയർന്നുവന്നു. ക്യാമ്പുകൾക്ക് ആവേശം നൽകാനും സംരക്ഷണം നൽകാനും കുമാരപണിക്കർ ഓടിനടന്നു. തുലാം 6-ന് പൊന്നാംവെളി യൂണിയൻ ഓഫീസിലെ ചെങ്കൊടി എടുത്തുമാറ്റാൻവന്ന പൊലീസിനെ തൊഴിലാളികൾ പ്രതിരോധിച്ചു. അവസാനം പണിക്കർ വേണ്ടിവന്നു പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി തിരിച്ചയക്കാൻ.
എം.ടി. ചന്ദ്രസേനന്റെ വിവരണപ്രകാരം പുന്നപ്രയ്ക്കുശേഷം വയലാറിലും പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ പിടിച്ചെടുക്കാനും പട്ടാള നീക്കങ്ങൾ തടയാൻ പാലങ്ങളും കലുങ്കുകളും പൊളിക്കുന്നതിനും ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഒക്ടോബർ 27-ന്റെ പട്ടാള ആക്രമണവും കൂട്ടക്കൊലയും ഉണ്ടായത്. അന്നു നേരമിരുട്ടിയപ്പോൾ കളവങ്കോടത്തെ മങ്ങന്നക്കാട്ടിൽ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പണിക്കരും ചില പ്രമുഖനേതാക്കളും യോഗം ചേർന്നു. ആ യോഗത്തിൽവച്ചാണ് എല്ലാവരും പൊലീസ് വലയം ഭേദിച്ചു പുറത്ത് ഒളിവിൽ പോകുന്നതിനു തീരുമാനമെടുത്തത്.
തുടർന്ന് തൃപ്പുണ്ണിത്തുറ, ഇടപ്പള്ളി, മട്ടാഞ്ചേരി, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ പണിക്കർ ഒളിവിലിരുന്നു പ്രവർത്തിച്ചു. പലതവണ പൊലീസിൽ നിന്നു തലനാരിഴയ്ക്കുരക്ഷപ്പെട്ടുവെങ്കിലും അവസാനം എറണാകുളത്തെ സീവ്യൂ ഹോട്ടലിൽവച്ചു പിടിയിലായി.
1951-ൽ ജയിൽമോചിതനായി. ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ തിരു-കൊച്ചി കൺവെൻഷൻ ആലപ്പുഴയിൽവച്ച് നടന്നു. പലരും അവിടെവച്ച് അറസ്റ്റിലായി. അന്നു തന്നെ ചേർത്തലയിൽ ഒരു യോഗത്തിൽ പങ്കെടുക്കവേ പണിക്കരെയും അറസ്റ്റ് ചെയ്തു. ജയിലിൽ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിൽ ചേർത്തല നിയോജക മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചു. അതോടെ ജയിൽമോചിതനായി. പാർടിയുടെ തിരു-കൊച്ചി സംസ്ഥാന സമ്മേളനം അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു.
സാംസ്കാരിക പ്രവർത്തനങ്ങളിലും പണിക്കർ തല്പരനായിരുന്നു. ചേർത്തല കയർ ഫാക്ടറി തൊഴിലാളികളുടെ ഒരു കലാസമിതി രൂപീകരിച്ചു. ‘അഗതിമന്ദിരം’ എന്ന നാടകവും കളിച്ചു. എസ്.എൽ. പുരത്തിന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകം അരങ്ങേറ്റി. പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ കമ്യൂണിന് ഒരു ഘട്ടത്തിൽ അദ്ദേഹം രൂപം നൽകി. ഇതു കുറച്ചു വിവാദം സൃഷ്ടിച്ചു. പി.ടി. പുന്നൂസിന്റെ ഉപദേശപ്രകാരം കമ്യൂൺ നിർത്തലാക്കി.
1957-ലെ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ഹൃദ്രോഗംമൂലം പണിക്കർക്കു കഴിഞ്ഞില്ല. 1957 ജൂൺ 28-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കൗമുദി ആഴ്ചപതിപ്പിൽ കെ. ബാലകൃഷ്ണനും ചെത്തു തൊഴിലാളി യൂണിയന്റെ സുവനീറിൽ വയലാർ രാമവർമ്മയും കുമാരപണിക്കരെക്കുറിച്ച് ഹൃദയസ്പർശിയായ അനുസ്മരണങ്ങൾ എഴുതുകയുണ്ടായി.
ഭാര്യ അമ്മുക്കുട്ടിയമ്മ 1967-ലാണ് അന്തരിച്ചത്. ഇവർക്ക് നാല് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. അതിൽ ഒരാണ് സിപിഐയുടെ സമുന്നതനേതാവായി വളർന്ന സി.കെ. ചന്ദ്രപ്പൻ.