സി.കെ. കുമാരൻ വക്കീൽ
ചേർത്തലയിലെ സമരനായകരിൽ ഒരാളായിരുന്നു സി.കെ. കുമാരൻ വക്കീൽ. സമരവേളയിൽ ചേർത്തല കയർ ഫാക്ടറി യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു.
വയലാറിലെ കളവങ്കോടം ചമ്പക്കാട്ട് വീട്ടിൽ കേശവന്റെയും കായിഅമ്മയുടെയും മകനായി 1910-ൽ ജനിച്ചു. പഠനകാലത്തുതന്നെ നിവർത്തനപ്രക്ഷോഭത്തിലും ക്ഷേത്രപ്രവേശനസമരത്തിലും പങ്കെടുത്തു.പഠനാനന്തരം ചേർത്തല കോടതിയിൽ അഭിഭാഷകനായിരിക്കേ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സ്റ്റേറ്റ് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 1938-ലെ സമരത്തിലെ യോഗങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതിനു മുൻകൈയെടുത്തു.
1943-ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ചേർത്തല താലൂക്കിലെ ജന്മി-ഗുണ്ടാ പീഡനങ്ങൾക്കെതിരെ പാവപ്പെട്ടവരെ സംഘടിപ്പിച്ചു പ്രതിരോധം ഉയർത്തുന്നതിന് കുമാരന്റെ വക്കീൽസ്ഥാനം ഏറെ സഹായകരമായി. കടക്കരപ്പള്ളിയിൽ ജന്മിമാരുടെ ഗുണ്ടാത്തലവനായിരുന്ന നാലുകെട്ടുങ്കൽ രാമൻ തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനിടയിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായി.
ഒക്ടോബർ 12-ന് പകൽ കോടതി വേഷത്തിൽ അറസ്റ്റു ചെയ്തു ചേർത്തല സ്റ്റേഷനിൽ കൊണ്ടുവന്നു. കൈയ്യാമംവച്ച് ഒറ്റമുണ്ട് ഉടുപ്പിച്ച് കോടതിയിൽ ഹാജരാക്കി. റിമാൻഡ് വാങ്ങി മടക്കിക്കൊണ്ടുവന്ന ഉടനെ ഭീകരമായ മർദ്ദനത്തിന് ഇരയാക്കി. വക്കീൽ അനുഭവിക്കേണ്ടിവന്ന മർദ്ദനങ്ങളെക്കുറിച്ചുഎൻ.പി. തണ്ടാരുടെ വിവരണപ്രകാരമാണ്: “പിറ്റേന്ന് തടവുകാരെ വരിയായി ഘോഷയാത്രപോലെ പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാൻ കൊണ്ടുപോയി. മുന്നിൽ കുമാരൻ വക്കീലും എൻ.എസ്.പി. പണിക്കരും. മലവും മൂത്രവും നിറഞ്ഞ കുടം അവരുടെ തലയിൽ. ലാത്തികൊണ്ട് വക്കീലിന്റെ കുടംപൊട്ടിച്ച് വിസർജ്ജ്യത്തിൽ കുളിപ്പിച്ചു. മലവും മൂത്രവും വക്കീലിന്റെ കിറിവഴി ഒഴുകി. “എന്തെടാ കിറിക്കുന്നത്” എന്നു പറഞ്ഞ് പൊലീസുകാർ ചാടിവീണു തല്ലിയുരുട്ടി”. വിവരമറിഞ്ഞ തൊഴിലാളികൾ അന്നു വൈകുന്നേരം പ്രതിഷേധ സമ്മേളനം നടത്തി.
വയലാർ വെടിവയ്പ്പിനുശേഷം മർദ്ദനം അതിന്റെ പാരമ്യത്തിലെത്തി. മൂന്ന് ലോക്കപ്പ് മുറികളുള്ള സ്റ്റേഷനിൽ 300 പേരെയാണ് അടച്ചുപൂട്ടിയത്. ചേർത്തല ലോക്കപ്പ് അക്ഷരാർത്ഥത്തിൽ ഒരു നരകമായി. നാലുകെട്ടുങ്കൽ രാമൻ കൊലക്കേസിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ട് ആറുവർഷം ജയിൽശിക്ഷ അനുഭവിച്ചു. നാലുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു.
1953-ൽ ചേർത്തല മുനിസിപ്പാലിറ്റിആദ്യ ചെയർമാനായും, പിന്നീട് കൗൺസിലറായുംപ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് പാർടിയുടെ താലൂക്ക് സെക്രട്ടറിയുമായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. വാർദ്ധക്യം ബാധിച്ച് കിടപ്പിലാകുന്നതുവരെ പൊതുപ്രവർത്തനരംഗത്ത് കർമ്മനിരതനായിരുന്നു വക്കീൽ. 1995 ആഗസ്റ്റ് 19-ന് അന്തരിച്ചു ഭാര്യ: പത്മാക്ഷിയമ്മ. മക്കൾ: വസുമതി, രാമചന്ദ്രൻ,രാജേന്ദ്രൻ അജിതകുമാരി,അനിതകുമാരി,ജയകുമാർ,അമ്പിളി, സദാശിവൻ.