സി.കെ. മാധവൻ
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ നേതാവായിരുന്ന സി.കെ. മാധവൻ മാരാരിക്കുളം സമരത്തിന്റെ നായകരിൽ ഒരാളായിരുന്നു.
മാധവന്റെ അച്ഛൻ എസ്.എൽ. പുരം ചെറുകാലിൽ കുട്ടൻ ഒരു സാമൂഹ്യപ്രവർത്തകൻ ആയിരുന്നു. അയിത്തോച്ഛാടനം, മദ്യനിരോധനം തുടങ്ങിയ പരിപാടികളിൽ സജീവമായിരുന്നു. അച്ഛനായിരുന്നു മാധവന്റെ സ്വഭാവരൂപീകരണത്തിലെ മുഖ്യഘടകം. അച്ഛന്റെ മരണത്തോടെ പഠനം നാലാംക്ലാസിൽ അവസാനിച്ചു. കയർ ഫാക്ടറി തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായി.
1939-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം ലഭിച്ചു. ചേർത്തലയിലും മുഹമ്മയിലും ഒളിവിലിൽ കഴിയാൻ എത്തുന്ന നേതാക്കൾക്ക് സുരക്ഷിതമായ ഇടം ഒരുക്കുവാനുള്ള ചുമതലയായിരുന്നു. അങ്ങനെയാണു സഖാവ് പി. കൃഷ്ണപിള്ളയെ പരിചയപ്പെട്ടത്. പലരെയും കാണാൻ സഖാവ് കൃഷ്ണപിള്ളയെ കൂട്ടിക്കൊണ്ടു പോകുന്നതിനും കാണാൻ വരുന്നവരെ കൂട്ടിക്കൊണ്ടുവരുന്നതിനും വഴികാട്ടിയായിരുന്നു. മാധവന്റെ മടിയിൽ ചാഞ്ഞിരുന്നാണ് പാമ്പുകടിയേറ്റ പി. കൃഷ്ണപിള്ള അന്ത്യശ്വാസം വലിച്ചത്.
മാരാരിക്കുളം പാലം പൊളിക്കുന്ന സമരം ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയായി. വെടിവയ്പ്പു കഴിഞ്ഞു സംഭവസ്ഥലത്തേക്കു പോകാനൊരുമ്പെട്ട മാധവനേയും കുമാരപണിക്കരേയും അനുയായികൾ ബലമായി തടഞ്ഞുവയ്ക്കുകയാണുണ്ടായത്.
സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നവേളയിൽ ജയിലിലെ പാർടി സെക്രട്ടറിയായിരുന്നു. പുന്നപ്ര-വയലാർ വാർഷികത്തിനു ജയിലിനു മുകളിൽ ചെങ്കൊടി ഉയർത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. എന്നാൽ മാധവന്റെ ശിക്ഷാകാലാവധി തീർന്നതുകൊണ്ട് കലാപത്തിനു ജയിലിൽ ഉണ്ടായില്ല. അതിന്റെ പലിശ ചേർത്തുള്ള മർദ്ദനമാണ് രണ്ടാംതവണ ജയിലിൽ തടവുകാരനായി എത്തിയപ്പോൾ ലഭിച്ചത്.
തിരുവനന്തപുരം ജയിലിൽ നിന്നും തിരിച്ചെത്തിയപ്പോൾ വീട് ജപ്തി ചെയ്തിരുന്നു. മാധവൻ ഉറങ്ങിക്കിടന്നിരുന്ന അടുത്ത വീട്ടിൽ നിന്നും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വീടിനു മുന്നിൽ നിന്നും തുടങ്ങിയ മർദ്ദനംകണ്ട് സഹോദരി ബോധരഹിതയായി. ഈ മർദ്ദനം ലോക്കപ്പിലും തുടർന്നു. ഇളയപെങ്ങൾ മാധവി മരിച്ചിട്ടും അവസാനമായി കാണാൻ അനുവദിച്ചില്ല. ചേർത്തല കോടതി വീണ്ടും ശിക്ഷിച്ച് സെൻട്രൽ ജയിലിലാക്കി. അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ് ജയിലിൽതന്നെ ഒരു കൊല്ലത്തോളം കിടന്നിട്ടുണ്ട്.
സി.കെ. മാധവന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷത സാംസ്കാരിക പ്രവർത്തനങ്ങളായിരുന്നു. എം.എൻ. കുറുപ്പിനെയും എസ്.എൽ.പുരം സദാനന്ദന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചതും സാഹിത്യരംഗത്തു പ്രോത്സാഹിപ്പിക്കുന്നതിലും മാധവനു പങ്കുണ്ട്. 1952-ൽ സി.കെ. മാധവൻ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റും 1954-ൽ ജനറൽ സെക്രട്ടറിയുമായി.