സി.കെ. വാസു
മുഹമ്മയിൽ 1943-ൽ രൂപീകരിച്ച അഞ്ചംഗ പാർടി സെല്ലിന്റെ സെക്രട്ടറിയായിരുന്നു സി.കെ. വാസു.പുന്നപ്ര-വയലാർ സമരകാലത്ത് പുത്തനങ്ങാടി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സബ് ഓഫീസ് അതിർത്തിയിലുള്ള ക്യാമ്പുകളെ നയിക്കാനുള്ള കമ്മിറ്റിയുടെ കൺവീനറായിരുന്നു.
1918-ൽ കായിപ്പുറം ചാലയിൽ ജനിച്ചു. 16-ാമത്തെ വയസിൽ കയർ തൊഴിലാളിയായി. 1941-ൽ ഗുഡേക്കർ കമ്പനിയിൽ ജോലിക്കു കയറി. 1944-ലെ തൊഴിൽ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ആദ്യമായി മർദ്ദനമേറ്റത്. അതോടെ ഫാക്ടറി തൊഴിൽ അവസാനിപ്പിച്ച് മുഴുവൻ സമയ പാർടി പ്രവർത്തകനായി.
26-ാം തീയതി പുത്തനങ്ങാടിയിൽ നിന്നും വാസുവും കൂട്ടരും മാരാരിക്കുളത്ത് എത്തിയപ്പോഴേക്കും വെടിവയ്പ്പ് കഴിഞ്ഞിരുന്നു. 27-ാം തീയതി മുഹമ്മ യൂണിയൻ ഓഫീസും പുത്തനങ്ങാടി ഓഫീസും പൊലീസ് തീയിട്ടു നശിപ്പിച്ചു. അന്നു രാത്രി എൻ.കെ. അയ്യപ്പന്റെ നിർദ്ദേശപ്രകാരം ഒളിവിൽ പോകാൻ തീരുമാനിച്ചു. പിന്നീടുള്ള മാസങ്ങൾ വൈക്കത്ത് ഒളിവിൽ. ഇടയ്ക്കിടയ്ക്ക് ചേർത്തലയിലേക്കുള്ള രഹസ്യ സന്ദർശനങ്ങൾ.
1948 ഏപ്രിൽ മാസത്തിൽ പുന്നപ്ര-വയലാറിനു ശേഷമുള്ള മുഹമ്മ പ്രദേശത്തെ ആദ്യത്തെ സമരം ബോസ്കോ കയർ ഫാക്ടറിയിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് മാസത്തിൽ പി. കൃഷ്ണപിള്ള കണ്ണാർക്കാട്ട് ഒളിവിൽ താമസിക്കാൻ വന്നപ്പോൾ പലവട്ടം ബന്ധപ്പെട്ടിരുന്നു.
1949 ജൂലൈ 31-ന് വൈക്കത്ത് ടിവി പുരത്തെ വട്ടത്തറ വീട്ടിൽ ഒളിവിൽ കഴിയുമ്പോൾ കെ. വിശ്വനാഥനൊപ്പം അറസ്റ്റ് ചെയ്ത് വൈക്കം, ചേർത്തല, കോട്ടയം ലോക്കപ്പുകളിലിട്ട് നിഷ്ഠൂരമായി മർദ്ദിച്ചു. അവശതകണ്ട് മജിസ്ട്രേട്ട് ആശുപത്രിയിലാക്കി. കോടതി കേസുകൾ തള്ളി. വയലാർ ദിനത്തിൽ കോൺഗ്രസുകാർ വഞ്ചനാദിനാചരണം തുടങ്ങിയിരുന്നു. 1950-ലെ വഞ്ചനാദിനം അടിച്ചുതകർത്തതോടെ പിന്നീട് ഒരിക്കലും വഞ്ചനാദിനം ആചരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
1952-ൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായി. 1970-ൽ സിഐടിയു രൂപംകൊണ്ടപ്പോൾ ജില്ലാ പ്രസിഡന്റായി. ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1966-ലെ സെക്രട്ടേറിയറ്റിലേക്കുള്ള കയർ ജാഥയിൽ അംഗമായി. ഒട്ടനവധി സമരങ്ങൾ ചെറുകിട മേഖലയിൽ സംഘടിപ്പിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും പ്രവർത്തിച്ചു.
1950-ൽ ജയിൽവാസം കഴിഞ്ഞ് പുറത്തുവരുമ്പോൾ അച്ഛനും അമ്മയും മരിച്ചിരുന്നു. 2007 ഫെബ്രുവരി 16-ന് സി.കെ. വാസു അന്തരിച്ചു. ഭാര്യ: ശാന്തമ്മ (പരേത). മക്കൾ: സി.വി. ലുമുംബ, ഉഷാകുമാരി, ഷാജിമോൻ.