Rദീർഘനാൾ ലേബർ അസോസിയേഷന്റെയും തുടർന്ന് കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റേയും പ്രവർത്തകനായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്തു കയർ യൂണിയന്റെ ഖജാൻജിയും കന്നിട്ട ആൻഡ് ഓയിൽ മിൽ വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു.
ആലപ്പുഴ കൈതവന ചെമ്പുകുളം വീട്ടിൽ 1895 നവംബർ 20-ന് ജനനം. നാലാംക്ലാസ് വിദ്യാഭ്യാസം. 14-ാം വയസു മുതൽ 12 വർഷം കന്നിട്ട മിൽ ജോലിക്കു പോയി. പിന്നീട് കയർ തൊഴിലാളിയായി.
1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. ഒക്ടോബർ 23-നു മറ്റു നേതാക്കൾക്കൊപ്പം മോചിതനായി. പുറത്തുവന്ന വേലായുധൻ മിതവാദികളായ യൂണിയൻ മാനേജിംഗ് കമ്മിറ്റി നേതാക്കൾക്കെതിരെ ശക്തമായ നിലപാട് എടുത്തു. പി. കൃഷ്ണപിള്ളയുടെ നിർബന്ധത്തിനു വഴങ്ങിയാണു സമരം പിൻവലിക്കാൻ സമ്മതിച്ചത്. 1940-ൽ പടിഞ്ഞാറേ ഡാറാസ്മെമിൽ കമ്പനിയിലെ സ്റ്റെല്ല എന്ന സ്ത്രീ തൊഴിലാളിയെ ഡിഎസ്.പി വൈദ്യനാഥൻ മുടിക്കു കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. ഇതിൽ പ്രതിഷേധിച്ചു കളപ്പുര മൈതാനത്തു നടന്ന യോഗത്തിൽ സി.കെ. വേലായുധൻ പൊലീസിനെ രൂക്ഷമായി വിമർശിച്ചു.
പിറ്റേന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കാതെ ഒന്നരക്കൊല്ലത്തോളം ടി.കെ. മാത്യുവിനെയും വേലായുധനെയും വിവിധ ലോക്കപ്പുകളിലിട്ടു ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ കൊല്ലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടരവർഷം തടവുശിക്ഷ വിധിച്ചു. വേലായുധൻ എക്കാലത്തും തീവ്രനിലപാടുകാരനായിരുന്നു.
1946 സെപ്തംബർ ആദ്യം വേലായുധന് മൂന്നുമാസക്കാലം സർക്കാർ പ്രസംഗ നിരോധനം ഏർപ്പെടുത്തി. പണിമുടക്ക് തീരുമാനം വന്നതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പലപ്പോഴും പൊലീസ് പിടിയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്. ഒരിക്കൽ സെപ്തംബർ മാസം അവസാനം യൂണിയൻ ഓഫീസിൽ ചർച്ച ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് പൊലീസ് റെയ്ഡ് ഉണ്ടായത്. പൊലീസ് മേധാവികൾ ഫയലുകളുടെ കൂമ്പാരത്തിൽ രഹസ്യരേഖകൾ തിരഞ്ഞുകൊണ്ടിരുന്നവേളയിൽ വേലായുധൻ കോണിയിറങ്ങി പുറത്തിറങ്ങി പൊലീസുകാരോടു കുശലം പറഞ്ഞു നടന്നുപോയി.
1947-ലെ തെരഞ്ഞെടുപ്പിൽ സി.കെ. വേലായുധനും ഭരണഘടനാ നിർമ്മാണ സഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. 1948-ലെ കൽക്കത്താ തീസീസിനെ തുടർന്ന് വേലായുധൻ വീണ്ടും അറസ്റ്റിലായി.
1951 ആഗസ്റ്റ് 6-നാണ് ആലപ്പുഴയിലെ മറ്റു പ്രധാന നേതാക്കൾക്കൊപ്പം ജയിൽ മോചിതനായി. തുടർന്ന് വേലായുധന്റെ അധ്യക്ഷതയിൽ ഫാക്ടറി കമ്മിറ്റി പ്രവർത്തകരുടെയും പഴയതും പുതിയതുമായ മാനേജ് കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചുകൂട്ടി. 46 അംഗ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിലും സി.കെ. വേലായുധൻ ആയിരുന്നു ഖജാൻജി. 1986 ഡിസംബർ 8-ന് അന്തരിച്ചു.