സി.ജി. സദാശിവൻ
പുന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്ര ആക്ഷൻകൗൺസിൽ അംഗമായിരുന്നു.കുമാരപണിക്കരോടൊപ്പം ചേർത്തല-വയലാർ ഭാഗത്തെ സമരത്തിന്റെ നേതാവായിരുന്നു.
പാണാവള്ളിയിൽ ചിറ്റയിൽ ഗോവിന്ദൻ വൈദ്യരുടെയും പാർവ്വതിയുടെയും മകനായി 1913-ൽ ജനിച്ചു. അച്ഛന്റെ ജ്യേഷ്ഠൻ പാണാവള്ളി കൃഷ്ണൻ വൈദ്യർ വളരെ പ്രശസ്തനും ശ്രീ നാരായണ ഗുരുവിന്റെ വൈദ്യരിൽ ഒരാളുമായിരുന്നു. സിജിയുടെ പിതാവിനാകട്ടെ മനോരോഗ ചികിത്സയിലായിരുന്നു പ്രാവീണ്യം.
സി.ജി. സദാശിവന്റെ സ്കൂൾ വിദ്യാഭ്യാസം കുമ്പളങ്ങിയിൽ ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയേറ്റിനു ചേർന്നെങ്കിലും നിവർത്തനപ്രക്ഷോഭത്തിൽ സജീവമായി പഠനം ഉപേക്ഷിച്ചു. പന്തിഭോജനം, നിർജാതിത്വം, നിരീശ്വരത്വം, നിർമതത്വം, യുക്തിവാദം തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ചേർത്തലയിൽ അലയടിച്ചിരുന്ന കാലമായിരുന്നു. അവയെല്ലാം സിജിയെ സ്വാധീനിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ സിജിയുടെ തറവാട്ടിൽ നിന്ന് 100 സമരഭടന്മാരെയാണ് എല്ലാ ചെലവുംകൊടുത്തു പരിശീലിപ്പിച്ച് അയച്ചത്.
അക്കാലത്ത് ചില നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പഠിത്തം മതിയാക്കി ചേർത്തലയിൽ തിരിച്ചുവന്ന സിജിയുടെ സന്തതസഹചാരിയായിരുന്നു സാംസ്കാരിക പ്രവർത്തനത്തിലും സാമൂഹ്യപരിഷ്കാരത്തിലും സജീവമായിരുന്ന വി.കെ. വേലായുധൻ. അവർ ഒരുമിച്ചാണ് പൂച്ചാക്കൽ യംങ് മെൻസ് ലൈബ്രറി സ്ഥാപിച്ചത്. വയലാർ രാമവർമ്മയുമായും എസ്.എൽ. പുരം സദാനന്ദനുമായുള്ള ഊഷ്മമായ ബന്ധത്തിനു കാരണംസാഹിത്യത്തിലുള്ള താല്പര്യമായിരുന്നു.
പ്രവർത്തനങ്ങളുടെ തുടക്കം കരപ്പുറം സേവാ സംഘത്തിൽ നിന്നായിരുന്നു. തുടന്ന് എസ്എൻഡിപി യോഗത്തിലും നിവർത്തനപ്രസ്ഥാനത്തിലും പ്രവർത്തിച്ചു. 1938-ലെ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിൽ സജീവമായതോടുകൂടി പല കള്ളക്കേസുകളിലും സിജിയെ കുടുക്കുകയുണ്ടായി. കളവുകേസുകളും ബലാത്സംഗകേസും ഇതിൽപ്പെടും. ബലാത്സംഗകേസിൽ സിജിക്കുവേണ്ടി വാദിക്കുന്നതിനു ഹാജരായത് ടി.എം. വർഗീസും തകഴി ശിവശങ്കരപ്പിള്ളയുമായിരുന്നു.
1938-ലെ സമരം പിൻവലിച്ചതോടെ യൂത്ത് ലീഗിൽ സജീവമായി. ചേർത്തല വേളോർവട്ടത്തുവച്ചാണ് യൂത്ത് ലീഗിന്റെ പ്രഥമ സമ്മേളനം സി. കേശവന്റെ അധ്യക്ഷതയിൽ ചേർന്നത്. യൂത്ത് ലീഗിൽ പ്രവർത്തിക്കുമ്പോഴാണ് സിജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുമായും കമ്മ്യൂണിസ്റ്റ് പാർടിയുമായും ബന്ധപ്പെടുന്നത്. അവിരാ തരകൻ പ്രസിഡന്റ് ആയിരുന്ന ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു ട്രേഡ് യൂണിയൻ രംഗത്ത് സി.ജി. സദാശിവന്റെ രംഗപ്രവേശം. 1940-ൽ കുമാരപണിക്കരെ പ്രസിഡന്റാക്കിക്കൊണ്ട് സിജി സ്ഥാനം ഒഴിഞ്ഞു. കോട്ടയം ജില്ലയിൽ പ്രവർത്തിക്കാൻ പോയി. 1943-ലാണ് ചേർത്തലയിലേക്കു തിരിച്ചുവന്നത്.
പുന്നപ്ര-വയലാർ സമരത്തിന്റെ കാറ്റുവീശാൻ തുടങ്ങിയപ്പോൾ തന്നെ ആർ. സുഗതനെതിരെയും സി.ജി. സദാശിവനെതിരെയും ദിവാൻ ഭരണം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സിജി പിടികൊടുക്കാതെ ഒളിവിൽപോയി. ഒളിവിലായിരുന്നെങ്കിലും നാടാകെ നടന്നു പ്രവർത്തിച്ചു.
വലയാർ വെടിവയ്പ്പു കഴിഞ്ഞു സിജി, വഞ്ചിയിൽ കൈനകരി വഴി ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്കു പോയി. കുറച്ചുനാൾ കഴിഞ്ഞ് കോഴിക്കോട്ടേക്കും. അവിടെ കെ.വി. പത്രോസുമൊത്ത് ഒരുമിച്ചായിരുന്നു താമസം. ലഘുലേഖ എഴുത്തായിരുന്നു സിജിയുടെ ചുമതല.അവ അച്ചടിപ്പിച്ച് തിരുവിതാംകൂറിൽ വിതരണം ചെയ്യുന്നതിനുള്ള ചുമതല കെ.വി. പത്രോസിനായിരുന്നു. “സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തോട്”,“ആർ. ശങ്കർ, സർ സിപിയുടെ ചെരുപ്പുനക്കി” തുടങ്ങി ഒട്ടനവധി ലഘുലേഖകൾ ഇങ്ങനെ വിതരണം ചെയ്യപ്പെട്ടു.
സമരത്തിന്റെ ഒന്നാം വാർഷികം കണ്ണാടി പ്രതിഷ്ഠയുള്ള കളവങ്കോടം ക്ഷേത്രമുറ്റത്തു സംഘടിപ്പിക്കുന്നതിൽ സിജിയുടെ മുൻകൈയുണ്ടായിരുന്നു. 1948-ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അറസ്റ്റ് വാറണ്ടും കേസുകളും പിൻവലിച്ചു. 1948-ൽ പാർടിക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തി. പി. കൃഷ്ണപിള്ള മരണമടഞ്ഞ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത് സിജി ആയിരുന്നു. കൃഷ്ണപിള്ളയ്ക്കു താമസിക്കാൻവേണ്ടി സിജിയും കുമാരപണിക്കരും അടുത്ത വീട്ടിലേക്കു മാറി. കൃഷ്ണപിള്ളയെ കണ്ടു സംസാരിച്ചശേഷമാണ് തിരുവിതാംകൂർ പാർടി കമ്മിറ്റി ചേരുന്നതിനു തൃക്കുന്നപ്പുഴയിലെ ആർ. ശങ്കരനാരായണൻ തമ്പിയുടെ വീട്ടിലേക്കു പോയത്. യോഗം ചേർന്നുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണപിള്ളയുടെ മരണവാർത്ത അറിഞ്ഞത്.
പള്ളാത്തുരുത്തിയിൽ ഒരു കർഷകത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയവേ സിജി അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം ചെങ്കോട്ട ജയിലിലും പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി ഏകദേശം മൂന്ന് വർഷക്കാലം തടവിൽ കഴിയേണ്ടി വന്നു. ജയിലിൽ കിടന്നുകൊണ്ടാണ് 1952-ലെ തിരു-കൊച്ചി നിയമസഭയിലേക്ക് തണ്ണീർമുക്കത്തു നിന്നു മത്സരിച്ചു വിജയിച്ചത്. പിന്നീട് 1957-ൽ കേരള നിയമസഭയിലേക്കു മാരാരിക്കുളം മണ്ഡലത്തിൽ നിന്നും വിജയിച്ചു.
അധ്യാപികയായിരുന്ന ഭൈമി സദാശിവനെ 1945-ലാണ് വിവാഹം ചെയ്തത്. ഭൈമി സദാശിവൻ മഹിളാസംഘം പ്രവർത്തകയും പിന്നീട് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. ഇവർക്ക് നാല് മക്കളാണ് ഉണ്ടായിരുന്നത്. സി.ബി. സോയ, സി.എസ്. സച്ചിത്ത്, സി.എസ്. ശരത്കുമാര്, സി.എസ്. സുരേഷ്.
കമ്മ്യൂണിസ്റ്റ് പാർടി താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി കമ്മിറ്റിയംഗം, സ്റ്റേറ്റ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം, കൺട്രോൾ കമ്മീഷൻ അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. 1964-ലെ ഭിന്നിപ്പിനുശേഷം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. കിസാൻസഭയുടെ പ്രസിഡന്റും കേര കർഷക സംഘം നേതാവുമായിരുന്നു. കയർ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു. 1985ഫെബ്രുവരി 26-ന് അന്തരിച്ചു.