സി. നാരായണിഅമ്മ
സി. നാരായണി അമ്മ അറിയപ്പെട്ടിരുന്നത് ‘മദർ’ എന്ന പേരിലാണ്. മാക്സിം ഗോർക്കിയുടെ പ്രസിദ്ധമായ അമ്മ എന്ന നോവലിലെ പ്രധാന കഥാപാത്രത്തെ അനുസ്മരിച്ചാണ് മദർ എന്ന വിളിപ്പേര് ഉണ്ടായത്. ഇതുപോലെ ചീരപ്പൻചിറ മാധവിഅമ്മ, കെ.വി. ത്രോസിന്റെ അമ്മ ………….. തുടങ്ങി ഒട്ടനവധി അവിസ്മരണീയമായ അമ്മമാർ പുന്നപ്ര-വയലാർ സമരവുമായിബന്ധപ്പെട്ട് ഉണ്ടായിരുന്നു.
പാർടി നിരോധിക്കപ്പെട്ടിരുന്ന കാലങ്ങളിൽ മാസങ്ങളോളം പാർടി നേതാക്കളും പ്രവർത്തകരും കിഴക്കേ ചക്കാലയിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ നേതാക്കളായ പി. ഗംഗാധരൻ, എ.കെ. തമ്പി, കെ.സി. ജോർജ്ജ്, ആർ. ശങ്കരനാരായണൻ തമ്പി, സി.കെ. കുമാരപണിക്കർ, സി.ജി. സദാശിവൻ, എം.ടി. ചന്ദ്രസേനൻ തുടങ്ങിയവർ നീലിമംഗലം പ്രദേശത്തുള്ള കിഴക്കേ ചക്കാലയിൽ ഒളിവിൽ കഴിഞ്ഞിട്ടുള്ളവരാണ്. പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സി.കെ. ഭാസ്കരൻ ദീർഘമായ 28 വർഷക്കാലം കിഴക്കേ ചക്കാലയിലാണു താമസിച്ചിരുന്നത്. നാട്ടിൽ പൊതുവേ ഭക്ഷണക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന രണ്ടാംലോക മഹായുദ്ധകാലത്തുപോലും ചക്കാലയിൽ വീട് അഭയകേന്ദ്രമായിരുന്നു. വീട്ടിലെത്തുന്നവർക്കെല്ലാം ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ മദർ അളവറ്റ ത്യാഗം സഹിച്ചിട്ടുണ്ട്.
1940 മുതൽ സ. നാരായണി അമ്മ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി പ്രവർത്തിച്ചു തുടങ്ങി. 1940-41 കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ മഹിളാസംഘം രൂപീകരിച്ചത് മദറിന്റെ നേതൃത്വത്തിലായിരുന്നു. ശ്രീരാമകൃഷ്ണ മിഷനുമായി സഹകരിച്ച് അക്കാലത്ത് ഖാദി പ്രചാരണത്തിന്റെ ഭാഗമായി നൂൽനൂൽപ്പ് പ്രചാരണവും ചർക്കാ വിതരണവും മറ്റും മദറിന്റെ നേതൃത്വത്തിൽ മഹിളാസംഘം ഏറ്റെടുത്തിരുന്നു. മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ തിരുവാതിരസംഘം രൂപീകരിച്ച് വിപ്ലവ ആശയങ്ങൾക്കു പ്രചാരണം നടത്തിയിരുന്നു.
ധാരാളം അമ്പലങ്ങളും ഉത്സവങ്ങളുമുള്ള പ്രദേശമാണ് ചേർത്തല താലൂക്ക്. ഉത്സവകാലങ്ങളിൽ മദറിന്റെ നേതൃത്വത്തിൽ മഹിളാസംഘം പ്രവർത്തകർ സ്ക്വാഡുകളായി ഹുണ്ടിക ബോക്സ് കളക്ഷൻ നടത്തി കമ്മ്യൂണിസ്റ്റ് പാർടി ഫണ്ട് സ്വരൂപിച്ചിരുന്നു.
വയലാർ പഞ്ചായത്തിലെ ആദ്യ നോമിനേറ്റഡ് വനിതാ അംഗമായിരുന്നു മദർ. ഏതാണ്ട് പത്തുവർഷക്കാലം ആസ്ഥാനത്ത് അവർ തുടർന്നു.
ഭർത്താവ് വൈക്കം സത്യാഗ്രഹത്തിന്റെ സംഘാടകരിൽ ഒരാളും റ്റി.കെ. മാധവന്റെ സന്തതസഹചാരിയുമായിരുന്ന എം.കെ. പത്മനാഭകുറുപ്പാണ്. വൈക്കത്തെ കരിപ്പാടത്ത് കരുവേലിൽ തറവാട്ടിലെ ഒരംഗമായിരുന്നു അദ്ദേഹം. ജേർണലിസ്റ്റും പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ളതുമായ എം.പി. പ്രകാശം മദറിന്റെ മൂത്തമകനാണ്. ഐഷ, ഷാജി, ലെനിൻ, സ്റ്റാലിൻ എന്നിവരാണ് മറ്റു മക്കൾ. 1968-ൽ അന്തരിച്ചപ്പോഴും സിപിഐ പ്രവർത്തകയായിരുന്നു.