സൈമൺ ആശാൻ
തീരദേശ സമരത്തിന്റെ നേതാവായിരുന്നു സൈമൺ ആശാൻ. സമരദിനങ്ങളിൽ ജയിലിൽ ആയിരുന്നെങ്കിലും ആശാനാണ് പുന്നപ്രയിലെ പൊട്ടിത്തെറിയുടെ സൂത്രധാരൻ.
വട്ടയാൽ കടപ്പുറത്ത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു ജനനം. ബാല്യകാലത്ത് സൈമൺ അമ്മയും സഹോദരങ്ങളും ഒന്നിച്ച് പള്ളിയിൽ പതിവായി പോകുമായിരുന്നു. കൗമാരപ്രായം മുതൽ തന്നെ വട്ടയാൽ പള്ളിയിലെ വേദപാഠം ക്ലാസെടുക്കാൻ നിയുക്തനായി. അങ്ങനെയാണ് ‘ആശാൻ’ എന്ന വിളിപ്പേര് കിട്ടിയത്. അൾത്താര ശുശ്രൂഷകനായും വിൻസെന്റ് ഡി പോൾ സംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ലിയോ തേർട്ടീന്ത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കുഞ്ഞിൻനാളിൽ പിതാവ് തന്നെ മദ്യലഹരിയിൽ വീട് തീവച്ചു നശിപ്പിച്ചതോടെ സൈമണ് വീട് ഇല്ലാതായി. വട്ടത്തിൽ ചായക്കടയായിരുന്നു അഭയകേന്ദ്രം. അവിടെ പൊതുകാര്യങ്ങൾ ചർച്ച ചെയ്യാൻ വട്ടയാൽ സ്കൂളിലെ ജോസഫ് മുൻഷി സാർ അടക്കമുള്ള കുറച്ചുപേർ ഒത്തുകൂടുമായിരുന്നു. അങ്ങനെയായിരുന്നു രാഷ്ട്രീയം പഠിക്കാൻ തുടങ്ങിയത്. കയർ ഫാക്ടറിയിൽ ചകിരിത്തടുക്ക് തൊഴിലാളിയായി. യൂണിയനുമായി ബന്ധപ്പെട്ടു.
വികാരിയച്ചന്റെയും പള്ളി മേധാവികളുടെയും ദൈവത്തിനു നിരക്കാത്ത വ്യവസ്ഥകൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടാണു വി.എ. സൈമണിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. പള്ളിയുമായി വിടപറഞ്ഞത് 1936 ഫെബ്രുവരി 9-നായിരുന്നു. ആലപ്പുഴ ലത്തീൻ പള്ളിയുടെ പരിസരത്ത് ഗുഡിൻ ഹോ അച്ചന്റെ അധ്യക്ഷതയിൽ തൊഴിലാളികളുടെയും മുതലാളിമാരുടെയും യോഗം ചേർന്നു. ആൻഡ്രൂസ് മൂപ്പൻ, ടി.കെ. മാത്യു, പി.എ. സോളമൻ എന്നിവരോടൊപ്പം സൈമൺ ആശാനും യോഗത്തിൽ പങ്കെടുത്തു. പണിമുടക്ക് കൂടാതെ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടാൻ കത്തോലിക്ക സഭയ്ക്ക് ഒരു പരിപാടി ഉണ്ടെന്നായിരുന്നു അച്ചന്റെ അവകാശവാദം. അതൊന്നു വിശദീകരിക്കണമെന്നായി സൈമൺ ആശാൻ. വിശദീകരണം കഴിഞ്ഞപ്പോൾ സൈമൺ ആശാൻ എഴുന്നേറ്റു: തൊഴിലാളിയെ ചൂഷണ ചെയ്യാൻ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മുതലാളിമാർ ഒറ്റക്കെട്ടാണ്. അതിനെ നേരിടാൻ തൊഴിലാളികളും ഒറ്റക്കെട്ടാകണം. ഇതിനിടയിൽ കത്തോലിക്ക തൊഴിലാളി യൂണിയൻ ഉണ്ടാകുന്നത് തൊഴിലാളികൾക്കു ദോഷമേ ചെയ്യൂ. ഈ പ്രസ്താവനയോടെ യോഗം കലങ്ങി.
1943 ജനുവരി 13-ന് ആലപ്പുഴയിൽ നിന്നും കയ്യൂർ സഖാക്കളെ തൂക്കുമരമേറ്റരുതെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒരു ജാഥ കോഴിക്കോട്ടേക്കു പുറപ്പെട്ടു. ഈ കാൽനടജാഥയുടെ നായകൻ സൈമൺ ആശാൻ ആയിരുന്നു. തീരദേശമാകെ നിറഞ്ഞുനിന്നു പ്രവർത്തിച്ച സൈമൺ ആശാൻ തുറമുഖ തൊഴിലാളികളെയും വാടയ്ക്കലും വട്ടയാലുമുള്ള മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചു.
1938-ലെ പണിമുടക്ക് സൈമൺ ആശാന്റെ അധ്യക്ഷതയിൽ കിടങ്ങാംപറമ്പ് മൈതാനത്തുവച്ച് കൂടിയ വമ്പിച്ച സമ്മേളനത്തിൽ വച്ചാണു പ്രഖ്യാപിച്ചത്. പറവൂർ നടന്ന വെടിവയ്പ്പിൽ ആലുംപറമ്പിൽ കൃഷ്ണൻകുഞ്ഞ് കൊല്ലപ്പെട്ടു. കൊമ്മാടിയിൽ നിന്നുവന്ന കുന്തധാരികളുടെ ഘോഷയാത്രയ്ക്കു നേരെ ശവക്കോട്ട പാലത്തിനടത്തുവച്ച് വെടിവച്ചു. നാല് തൊഴിലാളികൾ രക്തസാക്ഷികളായി. ക്രൂരമായ മർദ്ദനമാണു പൊലീസ് അഴിച്ചുവിട്ടത്. സൈമൺ ആശാൻ അന്നു താടി ദീഷ വളർത്തിയിരുന്നു. ഇടിച്ചിട്ടും കരയാത്ത ആശാനെ കരയിക്കാൻ ദിഷ പിഴുത് ഒരു വിഫലശ്രമം പൊലീസ് നടത്തി.
1945 ആഗസ്റ്റിൽ പട്ടം താണുപിള്ളയും ടി.എം. വർഗ്ഗീസും പുന്നപ്രയിൽ വന്ന് യോഗം നടത്തി. ടി.വി. തോമസും പങ്കെടുത്തിരുന്നു. പട്ടം തുടങ്ങിയവർ സിപിയെ അനുകൂലിക്കുന്നവരാണെന്നു പറഞ്ഞു സൈമൺ ആശാന്റെ നേതൃത്വത്തിൽ ബഹളമായി. സിപിയെ പിന്താങ്ങുന്നുണ്ടോ ഇല്ലയോയെന്നു വ്യക്തമാക്കിയിട്ടു മതി മറ്റു പ്രസംഗം എന്നായിരുന്നു പ്രതിഷേധക്കാരുടെ വാശി. ബഹളത്തിനിടയിൽ യോഗം പിരിച്ചുവിടേണ്ടി വന്നു.
മത്സ്യത്തൊഴിലാളികൾക്കിടയിലും കപ്പലിൽ ചരക്ക് എത്തിക്കുന്ന ചിലങ്ക തൊഴിലാളികളുടെ ഇടയിലുമാണ് ആശാൻ ആദ്യകാലത്തു പ്രവർത്തിച്ചത്. തൊഴിലാളികളെ ദ്രോഹിക്കുന്ന മൂപ്പന്മാരെയും മറ്റും കായികമായി നേരിടുന്നതിനും ആശാൻ മടിച്ചിരുന്നില്ല. അപ്ലോൺ അറൗജിന്റെ ബന്ധത്തിൽപ്പെട്ട വിൽസൺ വില്യം ഗുഡേക്കറിൽ ഡിസൈൻ ക്ലർക്കായിരുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളികൾക്കെതിരെ കടുത്ത ദ്രോഹങ്ങൾ ചെയ്യുമായിരുന്നു. ആശാന്റെ മുൻകൈയിൽ ഒരു സംഘം മത്സ്യത്തൊഴിലാളികൾ പകൽ എല്ലാവരും കാൺകെ തൊഴിലാളി ദ്രോഹിയെ കൈകാര്യം ചെയ്തു.
പുന്നപ്ര-വയലാർ സമരത്തിന് ഒരു മാസം മുമ്പ് പുന്നപ്ര കടപ്പുറത്ത് പൊള്ളേൽ ഇപ്പോലത്തിന്റെ വീടിനകത്തുനിന്നും നാലുപേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലാക്കി. 300-ൽപ്പരം മത്സ്യത്തൊഴിലാളികളെ സൈമൺ ആശാന്റെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാതെ പിരിയില്ലെന്നായി ആശാൻ. അവസാനം പൊലീസിനു വഴങ്ങേണ്ടിവന്നു.
പുന്നപ്ര-വയലാർ സമരത്തിനു തൊട്ടുമുമ്പ് സൈമൺ ആശാനെ അറസ്റ്റ് ചെയ്തു. പട്ടം സർക്കാരിന്റെ കാലത്ത് മറ്റു സമരസേനാനികൾക്കൊപ്പം ജയിൽമോചിതനായി. 1948-ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു. പാർലമെന്ററി പ്രവർത്തനത്തിൽ നിന്നും ഒഴിഞ്ഞു പൂർണ്ണമായും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ വ്യാപ്രതനായിരുന്നു സൈമൺ ആശാൻ.
ആശാന്റെ പ്രവർത്തനവും ഉറക്കവും തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ആഫീസിലും ആലപ്പുഴ പോർട്ട് വർക്കേഴ്സ് യൂണിയൻ ആഫീസിലും ആയിരുന്നു. അവിവാഹിതനായിരുന്നു. 1985 ഡിസംബർ 8-ാം തീയതി 85-ാമത്തെ വയസിൽ അന്തരിച്ചു.