പി.കെ. പുരുഷോത്തമൻ
പട്ടണക്കാട്വില്ലേജിൽ കൊച്ചിട്ട്യാതിപുര വീട്ടിൽകൊച്ചിട്യാതിയുടെയും ദേവകിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. ചെറുപ്രായം മുതലേ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. 1942-43 കാലത്ത് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ലഘുലേഖകളും പത്രങ്ങളും മറ്റും നേതാക്കളുടെ നിർദ്ദേശാനുസരണം പട്ടണക്കാട്, തുറവൂർ പ്രദേശങ്ങളിലൊക്കെ കൊണ്ടുകൊടുക്കുന്ന ചുമതലയുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി കേസിൽപ്പെട്ട് ഒളിവിൽ പോയി. കുമ്പളങ്ങിയിലും മട്ടാഞ്ചേരിയിലുമായി 1943 ഡിസംബർ വരെ ഒളിവു കഴിഞ്ഞു. മേനാശേരി ക്യാമ്പ് അംഗം. വെടിവെയ്പ്പു നടന്ന ദിവസം പട്ടാളം എത്തിയതറിഞ്ഞ് അയ്യൻകാട് ഭാഗത്തേയ്ക്കുള്ള ജാഥയിൽ പങ്കെടുത്തു. ജാഥ അവിടെ എത്തിയ സമയം അയ്യൻകാട് നിലവറയിൽ ഒളിച്ച സമരസേനാനികളെ വെടിവച്ചു കൊലപ്പെടുത്തിയതിനു ദൃക്സാക്ഷിയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട പുരുഷോത്തമൻ ഒളിവിൽ പോയി. ഭാര്യ ശാന്തയും പൊതുപ്രവർത്തകയായിരുന്നു.