സി.എസ്. രാമകൃഷ്ണൻ
ചേർത്തല പട്ടണക്കാട് ചിറയിൽ കാർത്യായനിയുടെയും ശങ്കരന്റെയും മകനായി 1922-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. ട്രേഡ് യൂണിയന്റെ സജീവപ്രവർത്തകനായി. പൊന്നാംവെളി ക്യാമ്പിലെ കൊടിയെടുക്കുന്നതിനുവന്ന പൊലീസുകാരെ ചെറുത്ത് ഓഫീസ് സംരക്ഷിച്ചകഥ പ്രസിദ്ധമാണ്. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ് പൊലീസ് വീണ്ടും യൂണിയൻ ആഫീസ് കൈയേറി. പൊന്നാംവെളി ഓഫീസിൽനിന്ന് സിഎസിനെ പൊലീസ് അറസ്റ്റുചെയ്തു. ഭീകരമായി മർദ്ദനത്തിൽ ബോധരഹിതനായി. ചേർത്തല ജയിലിൽ കിടക്കുമ്പോഴാണു പുന്നപ്ര-വയലാർ സമരം കൊടുമ്പിരികൊണ്ടത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിൽ പട്ടണക്കാട് ലോക്കൽ സെക്രട്ടറിയായിരുന്നു. അരൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കയർ ഫാക്ടറിത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. 2002 ജനുവരി 15-ന് അന്തരിച്ചു.