കൊച്ചുനാരായണൻ
ബീഡി തെറുപ്പുകാരനായ കൊച്ചുനാരായണൻ ആദ്യകാലത്ത് ഒരു റൗഡിയായിരുന്നു. 1945-ൽ പുത്തനങ്ങാടി ചന്തയിൽ പൊലീസുകാർ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ പൊലീസുകാരെ ഒറ്റയ്ക്കുനിന്നു തല്ലിയോടിച്ച സംഭവത്തോടെയാണു കൊച്ചുനാരായണൻ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. പല സന്ദർഭങ്ങളിലും ഗുണ്ടകളെയും ഒറ്റുകാരെയും കായികമായി നേരിടുന്നതിനു കൊച്ചുനാരായണൻ തുനിഞ്ഞിട്ടുണ്ട്. സമരത്തിനു മുന്നോടിയായി ബോംബെയിൽ പാർടി ഹെഡ്ക്വാർട്ടേഴ്സിലും അതിനുശേഷം കോഴിക്കോട് പാർടി കേന്ദ്രത്തിലും തീരുമാനങ്ങൾ എടുത്തശേഷം കെ.സി. ജോർജ്ജ് വൈക്കത്തുനിന്ന് വള്ളത്തിലാണ് ആര്യാട് എത്തിയത്. സ. കൊച്ചുനാരായണൻ കെ.സി. ജോർജിന്റെ ക്വറിയർ ആയിരുന്നു. ശത്രുക്കളോ ഒറ്റുകാരോ ആ ഭാഗത്തേക്കു പ്രവേശിക്കുകപോലും ചെയ്യാനാകാത്തവിധം കാവലുകളും മറ്റും കുറ്റമറ്റവിധം സജ്ജമാക്കിയിരുന്നുവെന്ന് കെ.സി. ജോർജ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പൂജാവെളിക്യാമ്പ് ക്യാപ്റ്റൻ ആയിരുന്നു കൊച്ചുനാരായണൻ. ക്യാമ്പ് അംഗങ്ങൾക്കു പരിശീലനം നൽകുന്ന ചുമതലയും ഉണ്ടായിരുന്നു. പട്ടാളം പൂജവെളിക്യാമ്പ് ആക്രമിച്ചു കൊച്ചുനാരായണനെ പിടികൂടുകയായിരുന്നു. ഭീകരമായ മർദ്ദനത്തിനിരയായ കൊച്ചുനാരായണൻ ഒരാഴ്ചയ്ക്കകം ജയിൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.