സി.ആർ. കരുണാകരൻ
അരൂർ എരമല്ലൂർ ചെന്നിയേഴത്ത് വീട്ടിൽ രാമൻകുട്ടിയുടെ മകനായി ജനനം. 1938 മുതൽ 1944 വരെ സ്റ്റേറ്റ് കോൺഗ്രസ് അംഗമായിരുന്നു. അരൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിലും പ്രവർത്തിച്ചിരുന്നു. യൂണിയൻ പ്രസിഡന്റ് വി.എ. ഗോപാലൻനായർ ഗാന്ധിയനും സ്റ്റേറ്റ് കോൺഗ്രസ് നേതാവുമായിരുന്നു. യൂണിയന്റെ ജനറൽ സെക്രട്ടറിയായി. 1946-ലെ പണിമുടക്ക് പ്രഖ്യാപനത്തെത്തുടർന്ന് പ്രസിഡന്റ് രാജിവച്ചു. സെക്രട്ടറിയെന്ന നിലയിൽ സമരത്തിൽ തൊഴിലാളികളെ അണിനിരത്തേണ്ട ചുമതല ഏറ്റെടുത്തു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. കുമ്പളങ്ങി, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. 1946-ൽ തന്നെ അറസ്റ്റ് ചെയ്തു ചേർത്തല ലോക്കപ്പിൽ അടച്ചു. ഭീകരമർദ്ദനത്തിനിരയായി. ചേർത്തല കോടതി ഒരുവർഷം തടവിനു ശിക്ഷിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു ശിക്ഷ. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചേർത്തല ചെത്തു തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് അംഗമായി. കാൻസർമൂലം 1988-ൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: കാർത്തികേയൻ, ലെനിൻ, ചിത്തരഞ്ജൻ, പ്രകാശൻ, ഐഷ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ഭാർഗവി, ജാനകി.