ടി.വി. തോമസ്
പുന്നപ്ര-വയലാർ സമരത്തിന്റെ തെളിവിലുള്ള അമരക്കാരനായിരുന്നു ടി.വി. തോമസ്. മറ്റെല്ലാ നേതാക്കളും ഒളിവിലിരുന്നു പ്രവർത്തിക്കുവാൻ തീരുമാനിക്കപ്പെട്ടപ്പോൾ ടി.വി. തോമസിന്റെ നിയോഗം പരസ്യമായി സ്വന്തം വീട്ടിൽ താമസിച്ചു സമരത്തിനു നേതൃത്വം നൽകണമെന്നുള്ളതായിരുന്നു.
ആലപ്പുഴ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു. ഉമ്മച്ചനെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്. ലിയോ തേർട്ടിൻത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു ഉപരിപഠനം. 1930-ൽബി.എ.ബിരുദവും 1935-ൽ മദിരാശിയിൽ എഫ്എൽ പരീക്ഷയ്ക്കു പഠിച്ചു. അമ്മയുടെ അസുഖംമൂലം വീട്ടിലേക്കു തിരിച്ചു വന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് നിയമബിരുദമെടുത്തത്. പഠിക്കുന്ന കാലത്ത് കായികരംഗത്തും പ്രത്യേകിച്ച് ഫുട്ബോളിലും ഗുസ്തിയിലും തൽപ്പരനായിരുന്നു തോമസ്.
മദിരാശിയിൽ പഠിക്കുന്ന കാലത്താണ് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അറിയുവാനും പഠിക്കുവാനും ഇടയായത്. നിയമപഠനം പൂർത്തിയാക്കി ആലപ്പുഴയിൽ തിരിച്ചുവന്ന തോമസ് കോടതിയിൽ പ്രാക്ടീസിനു പോകുന്നതിനു പകരം പൂർണ്ണസമയം രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകി. പുരോഗമനചിന്താഗതിക്കാരായ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ രൂപീകരിച്ച റാഡിക്കൽ ഗ്രൂപ്പിലെ പ്രധാനിയായി.
പി. കൃഷ്ണപിള്ള മുൻകൈയെടുത്താണ് ടി.വി. തോമസിനെ ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്നത്. 1940-ൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ രണ്ടാമത് സമ്മേളനത്തിൽവച്ച് ടി.വി. തോമസിനെ കൺസീലിയേഷൻ ഓഫീസറായി തെരഞ്ഞെടുത്തു. തൊഴിൽതർക്ക ചർച്ചകളിൽ ടിവിയുടെ സാന്നിദ്ധ്യം ട്രേഡ് യൂണിയനുകൾക്കു വലിയ സഹായമായി. 1941-ൽ മൂന്നാമത് വാർഷിക സമ്മേളനത്തിൽവച്ച് ടി.വി. തോമസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടർന്ന് ആലപ്പുഴയിലും പുറത്തുമുള്ള ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റായി.
1942-ലെ സലീറ്റ സമരത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ശക്തമായ വിലപേശലും സമരസമ്മർദ്ദവും കൂട്ടിയിണക്കിക്കൊണ്ട് തൊഴിലാളികളുടെ കൂലി ഏകീകരിക്കുവാനും ഉയർത്തുന്നതിനും കഴിഞ്ഞു. അതിലുപരി ഇന്ത്യാ ചരിത്രത്തിൽ ആദ്യമായിട്ട് ഈ കൂലി മുൻകാല പ്രാബല്യത്തോടെ അംഗീകരിപ്പിച്ച് കുടിശികയും വാങ്ങി നൽകി. നാഴി അരി വീതം തൊഴിലാളികൾക്ക് റേഷൻ അനുവദിപ്പിച്ചു. യൂണിയനാണ് ഡിപ്പോ നടത്തിക്കൊണ്ടിരുന്നത്. റേഷനിംഗ് നാട്ടുകാരിൽക്കൂടി വ്യാപിപ്പിക്കുന്നതിനു ടിവിയുടെ ഇടപെടൽ സഹായിച്ചു.
1943-ൽ തിരുവിതാംകൂറിലെ 42 യൂണിയനുകളുടെ പ്രതിനിധികൾ യോഗം ചേർന്ന് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എടിടിയുസി) രൂപീകരിക്കുകയും ടി.വി. തോമസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. 1944-ൽ തൊഴിലാളികളെ പ്രതിനിധീകരിച്ച് ടിവിയെ ആലപ്പുഴ നഗരസഭയിലേക്കു നോമിനേറ്റ് ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സി.പി. രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണഘടനക്കെതിരെ എടിടിയുസി ടിവിയുടെ നേതൃത്വത്തിൽ മെമ്മോറാണ്ടം നൽകി. 1946 സെപ്തംബർ 15-ന് തിരുവിതാംകൂറിൽ പണിമുടക്കം നടത്തി. സെപ്തംബർ 24-ന് യൂണിയനുകളുടെ പ്രതിനിധി സമ്മേളനം ആലപ്പുഴയിൽ ചേർന്ന് ദിവാന്റെ നീക്കത്തിനെതിരെ അനിശ്ചിതകാല പൊതുപണിമുടക്ക് അടക്കമുള്ള സമരം പ്രഖ്യാപിച്ചു. സി. കേശവനെ പോലുള്ള കോൺഗ്രസ് നേതാക്കൾ സ്റ്റേറ്റ് കോൺഗ്രസിന്റെ പിന്തുണ ഉറപ്പുനൽകി.
1946 ഒക്ടോബർ 7, 8 തീയതികളിൽ തിരുവനന്തപുരത്തു നടന്ന ത്രികക്ഷി സമ്മേളനത്തിൽ 4% മിനിമം ബോണസ് തീരുമാനമായി. എന്നാൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ നിന്നു പിൻവാങ്ങാൻ ടിവിയും കൂട്ടരും തയ്യാറായില്ല. അതേസമയം ആലപ്പുഴയിലും നാട്ടിൻപുറത്തും അതിവേഗത്തിൽ സംഘർഷം മൂർച്ഛിക്കുകയായിരുന്നു. ടിവിയും വർഗ്ഗീസ് വൈദ്യനും പങ്കെടുത്ത ആര്യാട്ട് പാർടി കേന്ദ്രത്തിൽ നടന്ന കൂടിയാലോചനകളുടെ അവസാനത്തിലാണ് ഒക്ടോബർ 20-ന് തിരുവിതാംകൂർ പൊതുപണിമുടക്കം പ്രഖ്യാപിക്കപ്പെട്ടത്.
പുന്നപ്രയിലും വയലാറിലും അരങ്ങേറിയ നരനായാട്ടിനെ തുടർന്ന് ഒക്ടോബർ 28-ാം തീയതി പണിമുടക്ക് പിൻവലിച്ചു. സമരദിനങ്ങളിൽ പരസ്യമായി പ്രവർത്തിച്ചുവന്ന ടിവിയെ 29-ാം തീയതി പട്ടാളം അറസ്റ്റ് ചെയ്തു. വീട് പൂട്ടി സീൽവച്ചു. മജിസ്ട്രേട്ടിന്റെ മുന്നിൽ ടിവി സമരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റിമാന്റിലായി. എന്നാൽ ടിവിയെ മർദ്ദിക്കുന്നതിനു പൊലീസുകാർ തയ്യാറായില്ല.
1947 ഡിസംബറിൽ ടി.വി. തോമസിനെ സ്പെഷ്യൽ കോടതി സ്വതന്ത്രനാക്കി. 1948-ൽ കമ്മ്യൂണിസ്റ്റ് പാർടിയെ വീണ്ടും നിരോധിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ടിവി 1951-ലാണ് ജയിൽ മോചിതനായത്. 1951 ആഗസ്റ്റ് 13-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ കിടന്നാണ് 1952-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 1953-ൽ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് നഗരസഭാ അധ്യക്ഷനായി. 1957-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വ്യവസായമന്ത്രിയായി. 1962-67 കാലത്ത് വീണ്ടും അലപ്പുഴ മുനിസിപ്പൽ ചെയർമാനായി. 1967 മുതൽ 1976 വരെ മന്ത്രിയായിരുന്നു. കേരളത്തിന്റെ വ്യവസായ വികസനത്തിൽ നിർണ്ണായക സംഭാവന നൽകി.
1957-ലെ സർക്കാരിൽ മന്ത്രിയായിരിക്കുമ്പോഴാണ് കെ.ആർ. ഗൗരിയമ്മയെ വിവാഹം ചെയ്യുന്നത്. 1964-നുശേഷം സിപിഐയിൽ ഉറച്ചുനിന്നപ്പോൾ ഗൗരിയമ്മ സിപിഐ(എം)ലാണു പ്രവർത്തിച്ചത്. 1976-ലാണ് ടി.വി. തോമസിന്റെ ക്യാൻസർരോഗം തിരിച്ചറിയുന്നത്. ബോംബെ ജസ് ലോക്ക് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ 1977 മാർച്ച് 26-ന് അന്തരിച്ചു.