കെ.വി. പത്രോസ്
പുന്നപ്ര-വയലാർ സമരത്തിന്റെ ആക്ഷൻകൗൺസിൽ കൺവീനർ ആയിരുന്നു കെ.വി. പത്രോസ്. “ഉദ്ദേശം ആറടിക്കു താഴെ പൊക്കം, കുറച്ച് അകത്തോട്ടു വളവുണ്ടോയെന്നു തോന്നിപ്പിക്കുന്ന നീണ്ടു മെലിഞ്ഞ ശരീരം, ലോഹദണ്ഡുപോലെയുള്ളതും ഞരമ്പുകൾ എഴുന്നുനിൽക്കുന്നതുമായ ബലിഷ്ഠമായ നീളമുള്ള കൈകൾ, തഴമ്പാർന്ന കൈപ്പത്തികളും വിരലുകളും, വിടർന്ന മൂക്ക്, കാലിൽ ആണിരോഗം ബാധിച്ചവരുടേതുപോലുള്ള നടത്തം” എന്നിങ്ങനെയാണ് പത്രോസിനെ സി. അച്യുതമേനോൻ വിവരിച്ചിട്ടുള്ളത്.
കെ.വി. പത്രോസിന്റെ അമ്മയെ മാക്സിം ഗോർഖിയുടെ അമ്മയോടാണ് പല നേതാക്കളും ഉപമിച്ചിട്ടുള്ളത്. പത്രോസിന്റെ വീട് പരസ്പരം ബന്ധപ്പെടാനുള്ള ഒരു കേന്ദ്രമായിരുന്നു. പ്രമുഖ നേതാക്കളെല്ലാം പലപ്പോഴും അവിടെ ഒളിവിൽ താമസിച്ചിട്ടുണ്ട്. ഇവർക്കൊക്കെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക മാത്രമല്ല, രാത്രിയായാൽ ആ അമ്മ മടവാളുമായി മുറ്റത്തു കാവലിരിക്കുകയും ചെയ്യും.
പത്രോസ് മൂന്നാംക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. ചെറുപ്പത്തിലേ കയർ തൊഴിലാളിയായി. വില്യം ഗുഡേക്കറിൽ നെയ്ത്തുകാരൻ ആയിരുന്നു. 1930-കളിൽ കൂലിവെട്ടിക്കുറയ്ക്കപ്പെടുകയും ആലപ്പുഴയിലെ തൊഴിൽ മേഖലയിൽ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്തു. യൂണിയന്റെ മിതവാദപരമായ നിലപാടിൽ അമർഷമുള്ളവരുടെ എണ്ണവും കൂടി. അവരിൽ ഒരാളായിരുന്നു കെ.വി. പത്രോസ്. മുതലാളിമാർക്ക് കഠാരയും മറ്റും വരച്ച് രഹസ്യഭീഷണിക്കത്തുകൾ എഴുതുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടു. ആലപ്പുഴയിലെ ഭീകരപ്രസ്ഥാനം സംബന്ധിച്ച് മുതലാളിമാർ പ്രമേയം പാസ്സാക്കി അയക്കുകപോലും ചെയ്തു. മിതവാദ ട്രേഡ് യൂണിയനായിരുന്ന ലേബർ അസോസിയേഷനെ സമരോത്സുക സംഘടനയാക്കി മാറ്റുന്നതിൽ കെ.വി. പത്രോസ് വലിയ പങ്കുവഹിച്ചു.
ആലപ്പുഴയിലെ അക്കാലത്തെ എല്ലാ പ്രവർത്തകരുടെയും കാര്യത്തിലെന്നപോലെ പത്രോസിനെയും ആദ്യ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലേക്കും റിക്രൂട്ട് ചെയ്തത് പി. കൃഷ്ണപിള്ള ആയിരുന്നു. 1938-ലെ പണിമുടക്ക് കാലത്ത് സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിക്കുകയും പണിമുടക്കിയവരിൽ ചോർച്ചയുണ്ടാകാനും തുടങ്ങിയപ്പോൾ പി. കൃഷ്ണപിള്ള ഫാക്ടറി പിക്കറ്റിംഗ് സമരം പ്രഖ്യാപിച്ചു. വില്യം ഗുഡേക്കർ പിക്കറ്റ് ചെയ്യുന്നതിന് ആദ്യം കെ.കെ. വാര്യർക്കൊപ്പം തെരഞ്ഞടുത്ത നാലുപേരിൽ ഒരാൾ കെ.വി. പത്രോസ് ആയിരുന്നു. പിക്കറ്റിംഗുകാർക്ക് ഭീകരമർദ്ദനം ഏൽക്കേണ്ടി വന്നു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട കെ.വി. പത്രോസ് ഒരുവർഷം കഴിഞ്ഞാണ് ജയിൽമോചിതനായത്.
ജനകീയ യുദ്ധകാലത്തെ ഉല്പാദന നയം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. ഉല്പാദന നയത്തിൽ ഉറച്ചുനിന്നപ്പോൾ തന്നെ മുതലാളിമാരെ തുറന്നുകാട്ടുന്നതിനും, തൊഴിലാളി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അനുരഞ്ജന – സമരസമ്മർദ്ദങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനും ആലപ്പുഴയിലും മടിച്ചില്ല. ഇതുമൂലം ഈ കാലയളവിൽ തൊഴിലാളി പ്രസ്ഥാനം ജനപിന്തുണയിലും സംഘടനാശേഷിയിലും ശക്തിപ്പെട്ടു.
യുദ്ധകാലത്ത് ഇന്ത്യയിലേക്ക് ജപ്പാൻ അധിനിവേശം ഉണ്ടാവുകയാണെങ്കിൽ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിനു പാർടി ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പൂനെയിൽ പാർടി കേർഡമാർക്കു നൽകിയ ഒരു മാസത്തെ പട്ടാള പരിശീലനത്തിൽ തിരുവിതാംകൂറിൽ നിന്നുപോയ ഒൻപത് പേരുടെ സംഘത്തലവൻ പത്രോസ് ആയിരുന്നു.
പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണം ഒക്ടോബർ 24-ന് ചേർന്ന ആക്ഷൻകൗൺസിലാണു തീരുമാനിച്ചത്. ചന്ദ്രസേനന്റെ വാക്കുകളിൽ ആ സ്റ്റേഷൻ ആക്രമണ തന്ത്രത്തിനു രൂപം നൽകിയത് പത്രോസ് ആയിരുന്നു. മൂന്ന് പ്രകടനങ്ങൾ വിവിധ മാർഗങ്ങളിലൂടെ സ്റ്റേഷനിലേക്കു നീങ്ങുക. പൊലീസിന്റെ ശ്രദ്ധ തിരിക്കുന്നതിന് കിടങ്ങാംപറമ്പ് മൈതാനത്തേക്കും ബാപ്പുവൈദ്യ ജംഗ്ഷനിലേക്കും രണ്ട് ജാഥകൾ നടത്തുക. പട്ടാളനീക്കം തടയാൻ ആലപ്പുഴ-പുന്നപ്ര റോഡിലൂടെയുള്ള എക്സ് സർവ്വീസുകാരുടെ പ്രകടനം നടത്തുക. കാറ്റാടി മരങ്ങൾ വെട്ടിയിട്ട് മാർഗ്ഗതടസം സൃഷ്ടിക്കുക – ഇതായിരുന്നു തന്ത്രം.
പുന്നപ്ര ആക്രമണം ലക്ഷ്യത്തിൽ ഒരുപരിധി വിജയിച്ചെങ്കിലും ഉണ്ടായ ആൾനാശവും തുടർന്നുണ്ടായ പട്ടാളത്തിന്റെ തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ക്യാമ്പുകൾ പിരിച്ചുവിടുന്നതിന് ആക്ഷൻകൗൺസിൽ തീരുമാനമെടുത്തു. അമ്പലപ്പുഴ താലൂക്കിൽ ഇതു നടപ്പായി. എന്നാൽ ചേർത്തല, വയലാർ ഭാഗത്തേക്ക് സന്ദേശം എത്തിക്കുന്നതിൽ വീഴ്ചവന്നു. ഇതു വലിയ രക്തച്ചൊലിച്ചിലിനും കൂട്ടക്കൊലയ്ക്കും ഇടയായി.
വയലാർ വെടിവയ്പ്പ് കഴിഞ്ഞ് പിറ്റേന്ന് പത്രോസും മറ്റു ചില പ്രധാനപ്പെട്ടവരും ഒരു കെട്ടുവള്ളത്തിൽ ആലപ്പുഴയ്ക്കു പുറത്തുകടന്നു. പത്രോസ് കോഴിക്കോട് പാർടി കേന്ദ്രത്തിലേക്കാണു പോയത്. തുടർന്നുള്ള മൂന്നുവർഷം കോഴിക്കോടും പൊന്നാനിയിലും പന്തളം കൊട്ടാരത്തിലും ആലപ്പുഴയിലും ഒളിവിൽ താമസിച്ച് പ്രസ്ഥാനം വീണ്ടും കെട്ടിയുയർത്തി. കൽക്കട്ട തിസീസ് കാലത്ത് തിരുവിതാംകൂറിലെ പാർടി സെക്രട്ടറിയായിരുന്നു. അന്നത്തെ സെക്ടേറിയൻ നയം പൂർണ്ണമായും ഉൾക്കൊണ്ട് നടപ്പിലാക്കുന്നതിനു വാശിയോടെ പ്രവർത്തിച്ചു. ഇത് പത്രോസിനെ പാർടിക്കുള്ളിൽ ഒട്ടേറെ പേർക്ക് അനഭിമതനാക്കി.
1951-ൽ മധുര കോൺഗ്രസിൽ പാർടി നയം മാറി. സെക്ടേറിയൻ നിലപാടുകൾക്ക് ഉത്തരവാദികളായ പലരേയും സ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്തു. വയലാറിൽ ചേർന്ന പാർടി സമ്മേളനത്തിൽ പത്രോസ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവായി. കുറച്ചുനാൾ ബ്രാഞ്ച് തലത്തിൽ നിഷ്ക്രിയനായി നിന്നെങ്കിലും പിന്നീട് പാർടിയുമായുള്ള ബന്ധം നിശേഷം വിടുകയും സ്വയം വിസ്മൃതിയുടെ ഇരുളിൽ അഭയം പ്രാപിക്കുകയുമാണുണ്ടായത്. ക്ഷയരോഗംമൂലം 1980 മാർച്ച് 9-ന് അന്തരിച്ചു.