ചിത്രാംഗദൻ
പുന്നപ്ര തെക്ക് തയ്യില്‍ വീട്ടില്‍ കേശവന്റെയും ലക്ഷ്മിയുടെയും മകനായി 1927-ൽ ജനിച്ചു. കച്ചവട കുടുംബമായിരുന്നു. എന്നാൽ ചിത്രാംഗദൻ 14-ാം വയസിൽ കയർ തൊഴിലാളിയായി. 1938-ലെ പൊതുപണിമുടക്കിൽ ആകൃഷ്ടനായി യൂണിയൻ പ്രവർത്തകനായി. 1946-ലെ പൊതുപണിമുടക്കിന്റെ തയ്യാറെടുപ്പിൽ സജീവമായിരുന്നു. പുളിപറമ്പ് ക്യാമ്പിന്റെ ചുമതലക്കാരിൽ ഒരാളായിരുന്നു. ഒക്ടോബർ 24-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിനുള്ള ജാഥയിൽ ഉണ്ടായിരുന്നു. കൊല്ലം – ആലപ്പുഴ റോഡ് മുറിച്ചുകടന്ന് പനയ്ക്കൽ ക്യാമ്പിലെ വോളണ്ടിയർമാരുമായി പനയ്ക്കൽ മൈതാനത്തു ചേർന്നു. അപ്പോഴേക്കും വടക്കും തെക്കും നിന്നുമുള്ള ജാഥകളും എത്തി. പി.കെ. ചന്ദ്രാനന്ദന്റെ പ്രസംഗത്തിനുശേഷം ക്യാമ്പിലേക്കു മാർച്ചു ചെയ്തു. ക്യാമ്പിന്റെ കിഴക്കുവശം തെക്കോട്ടു മാറിയാണു ജാഥ നിലയെടുത്തത്. വെടിപൊട്ടിയതും കമിഴ്ന്നു കിടന്നു. തൊട്ടടുത്തുണ്ടായിരുന്ന വട്ടത്തറ ദാമോദരനും ദാവീദ് അരീപ്പുറത്തും വെടിയേറ്റുപിടിഞ്ഞു. രക്ഷപ്പെട്ട് സന്ധ്യയോടെ വീട്ടിലെത്തി. നെറ്റിയിലും ഇടതുകാലിലും മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. ആദ്യം വീടിനു പരിസരത്തുതന്നെ ഒളിവിൽ കഴിഞ്ഞു. എന്നാൽ വീട്ടുകാരെ പൊലീസ് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ നാടുവിടാൻ തീരുമാനിച്ചു. പിഇ7/122 നമ്പർ കേസിൽ പ്രതിയായിരുന്നു. കേസ് പിൻവലിച്ചശേഷമാണു നാട്ടിൽ തിരിച്ചെത്തിയത്. 1997 ആഗസ്റ്റിൽ അന്തരിച്ചു. ഭാര്യ: ഭൈമി. മക്കൾ: ബേബി ലത, അനിത, സുനിത.