വി.ചെല്ലപ്പന് പിള്ള
പുന്നപ്ര കരുവേലില്‍ വീട്ടില്‍ വേലായുധന്‍പിള്ളയുടെ മകനായി 1913-ല്‍ ജനനം. പ്രിന്റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്നു. ആലപ്പി പ്രസ് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആയിരുന്നു. 1934-35-ലെ വിദേശവസ്ത്ര ബഹിഷ്ക്കരണത്തില്‍ പങ്കെടുത്തു. വിദേശവസ്ത്രങ്ങൾ വിൽക്കുന്ന തുണിക്കടകൾ പിക്കറ്റ് നടത്തി. പോലീസ് അറസ്റ്റ് ചെയ്യുകയും, മര്‍ദ്ദിക്കുകയും ചെയ്തു. 1937-38 തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ചെല്ലപ്പന് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേരുകയും അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് റാഡിക്കല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ പുന്നപ്ര-പറവൂർ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. പുന്നപ്ര സമരത്തിൽ പങ്കാളിയായി. വലതു തുടയുടെ ഉൾഭാഗത്ത് ഒരു മുറിവേറ്റ പാടുണ്ടായിരുന്നു. പി.ഇ.5/122 നമ്പർ തീവയ്പ്പു കേസിൽ പ്രതിയായി. ഒന്നരക്കൊല്ലം കൊച്ചി, മലബാർ, മദിരാശി എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബാലകൃഷ്ണപിള്ള, വി.സി. വേണുഗോപൻ, പ്രേമജ, സുധാകുമാരി.

