പത്രോസ്
മാരാരിക്കുളം വടക്ക് കാരക്കാട്ട് വീട്ടില് ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി ജനനം. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പെതരിഞ്ഞ് എന്ന വിളിപ്പേര് ഉണ്ടായിരുന്നു. കഞ്ഞിക്കുഴിയിൽ അന്നത്തെ ദിവാനായിരുന്ന സർ സിപിക്കു നൽകിയ സ്വീകരണത്തിന് എതിരായി കോൺഗ്രസിന്റെ കൊടിയും ഖദർ മുണ്ടും ജുബ്ബയും ധരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കുചേരുകയും അറസ്റ്റുവരിക്കുകയും ചെയ്തു. മൃഗീയമർദ്ദനങ്ങളേൽക്കുകയും ചേർത്തല ലോക്കപ്പിൽ പ്രത്യേകമായി തയ്യാറാക്കിയ ലോക്കപ്പ് മുറിയിൽ ദിവാന്റെ നിർദ്ദേശപ്രകാരം പ്രത്യേകതരത്തിലുള്ള മർദ്ദനമുറകൾ അനുഭവിക്കേണ്ടിയും വന്നു. ഉത്തരേന്ത്യയിൽ നിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകനും ഗാന്ധിയനുമായ ആനമൈക്കാൻ എന്നു ജനങ്ങൾ വിളിച്ചിരുന്ന പ്രവർത്തകനൊപ്പം വിദേശവസ്ത്രങ്ങൾ വിൽക്കുന്ന കടയിൽ വിൽക്കരുതെന്നു പറഞ്ഞുകൊണ്ട് തടസ്സം സൃഷ്ടിക്കുകയും ശീമാട്ടി വസ്ത്രവ്യാപാര കടയുടെ മുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

