പത്രോസ് പൊള്ളേപ്പറമ്പിൽ
പുന്നപ്ര വാടയ്ക്കൽ പൊള്ളേപ്പറമ്പിൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. പൂച്ച പത്രോസ് എന്നായിരുന്നു വിളിപ്പേര്. പൊലീസ് ക്യാമ്പ് ആക്രമണത്തിനു മാർച്ച് ചെയ്ത ജാഥയുടെ മുൻനിരയിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ ചാക്കോയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന പത്രോസാണ് ആദ്യം വെടിയേറ്റു വീണത്. ചാക്കോയ്ക്കും വെടിയേറ്റു. പത്രോസിന്റെ നെഞ്ചിലാണു വെടിയേറ്റത്. രക്തസാക്ഷിയാകുമ്പോൾ മകൾ സ്റ്റെല്ലയ്ക്ക് ഒൻപതു വയസ് പ്രായമായിരുന്നു. സ്റ്റെല്ലയ്ക്ക് 16 വയസ് ആയപ്പോൾ പാർടി മുൻകൈയെടുത്ത് ചാക്കോയുടെ മകൻ അരുളപ്പനുമായി വിവാഹം നടത്തി. വിവാഹം നടത്തുവാൻ പള്ളി വിസമ്മതിച്ചതിനെത്തുടർന്ന് പറവൂർ പാർടി ഓഫീസിൽവച്ച് സുശീല ഗോപാലൻ, കെ.ആർ. ഗൗരിയമ്മ, റോസമ്മ പുന്നൂസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. എഴുപതാം വാർഷികത്തിന് പുന്നപ്രയിൽ നിന്നുള്ള ദീപശിഖാ പ്രയാണത്തിന് ദീപം പകർന്നത് സ്റ്റെല്ല ആയിരുന്നു.

