അലക്സാണ്ടർ ജോസഫ്
മാരാരിക്കുളം തെക്ക് പൊള്ളേത്തൈ വീട്ടിൽ അലക്സാണ്ടറുടെ മകനായി 1911-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് രാജാവിന്റെ ജന്മദിനത്തിൽ കടകളടച്ചു ഹർത്താലിനു വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനു യൂണിയൻ ഓഫീസിൽ നിന്നും നീങ്ങിയ പ്രകടനത്തിൽ ചുവപ്പു ഷർട്ട് ധരിച്ച ഒരു വോളണ്ടിയർ ആയിരുന്നു. പ്രകടനം കിടങ്ങാംപറമ്പിലെത്തി സമ്മേളനം നടത്തി. വീണ്ടും പ്രകടനമായി മുല്ലയ്ക്കൽ തെരുവിൽ പോയി. കടകൾ അടയ്ക്കാൻ നിർബന്ധിച്ചു. ജന്മദിനാഘോഷത്തിനുള്ള അലങ്കാരങ്ങൾ പലതും നശിപ്പിച്ചു. വൈകുന്നേരം കൊമേഴ്സ്യൽ കനാലിന്റെ കരയിൽ നടന്ന ഏറ്റുമുട്ടലിൽ സജീവമായിരുന്നു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ ആക്രമിച്ചു. വള്ളക്കരെ പിടിച്ച് റോഡിൽ കൊണ്ടുവന്നു പ്രഹരിച്ചു. കമ്പനി ഗേറ്റുകൾ പൊളിക്കാൻ ശ്രമിക്കുകയും പട്ടാളത്തിനുനേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് ലാത്തിചാർജ്ജുണ്ടായി. അവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 18-ാം പ്രതായിയ ജോസഫ് ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.