കെ. ദിവാകരൻ
16-ാം വയസിൽ വില്യംഗുഡേക്കറിൽ തടുക്ക് നെയ്ത്തുകാരനായി. രണ്ടാംലോക മഹായുദ്ധക്കാലത്ത് എസ്. കുമാരനൊപ്പം സെലീറ്റ തയ്യൽ ജോലിക്കാരനായി. കൂലിപ്രശ്നത്തിൽ സായിപ്പിനെ ഘരാവോ ചെയ്തു. അറസ്റ്റില്ലാതെ സമരം ഒത്തുതീർപ്പായി. പിന്നീട് സി.സി. നരയത്തിന്റെ കമ്പനിയിൽ ജോലി ചെയ്യവേയാണ് പുന്നപ്ര-വയലാർ സമരം. കാട്ടൂരിലെ കുത്തുവെളി കുടുംബവീട്ടിലെ ക്യാമ്പിൽ അംഗമായി. 15 പേരുള്ള സെക്ഷനായി തിരിച്ച് റ്റി.കെ. വേലായുധൻ പരിശീലനം നൽകി. ഒക്ടോബർ 24-ന് വി.ആർ. കുഞ്ഞന്റെ വീടിനടുത്തുള്ള മൈതാനത്തു നിന്നാണ് കുന്തങ്ങളുമായുള്ള ജാഥ തുടങ്ങിയത്. ആര്യാട് ഭാഗത്തുനിന്നുവന്ന പ്രകടനത്തിന്റെ പിന്നാലെയാണ് മാർച്ച് ചെയ്തത്. അവരാണ് തുമ്പോളി ജംഗ്ഷനു വടക്കുള്ള കലിങ്കു പൊളിച്ചത്. ശവക്കോട്ട പാലത്തിനടുത്തു ചെന്നപ്പോൾ നേതാക്കൾ തെക്കോട്ടുവിടാതെ പടിഞ്ഞാറേക്ക് ജാഥയെവിട്ടു. കനാലിനു മറുവശത്തു പട്ടാള വണ്ടികൾ നിരന്നുകിടപ്പുണ്ടായിരുന്നു. ഒക്ടോബർ 25-ന് ആയിരുന്നു കാട്ടൂർ വെടിവയ്പ്പ്. ചിതറിയോടിയ സഖാക്കൾ ഗുണ്ടയായ തൊമ്മനെ കൊന്നു. പി.7-ാം നമ്പർ കേസിലെ പ്രതിയായിരുന്നു. ഒളിവിൽപ്പോയി. പത്തുമാസം കൈതവന ആയിക്കാരപറമ്പിൽ കിട്ടുവിന്റെ വീട്ടിലും മറ്റുമായി താമസിച്ചു.

