ജമ്മിനി യോഹന്നാൻ
പുന്നപ്ര കറുകപ്പറമ്പിൽ ജമ്മിനിയുടെ മകനായി 1920-ൽ ജനിച്ചു. മത്സ്യത്തൊഴിലാളി ആയിരുന്നു. പിന്നീട് പോർട്ടിൽ ജോലിയായി. പോർട്ട് വർക്കേഴ്സ യൂണിയനിൽ പ്രവർത്തിച്ചു. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ യോഹന്നാൻ 10-ാം പ്രതിയായി. പുന്നപ്ര സമരകാലത്ത് കുരിശുപള്ളി ജോസഫ് ക്യാപ്റ്റനായിരുന്ന ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. വാരിക്കുന്തവുമായി ഒക്ടോബർ 23-ന്റെ പ്രകടനത്തിൽ പങ്കെടുത്ത് ക്യാമ്പ് ആക്രമിക്കാൻ പോയി. വെടിവയ്പ്പു തുടർന്നപ്പോൾ ഇഴഞ്ഞുനീങ്ങി രക്ഷപ്പെട്ടു. പത്ത് ദിവസം കഴിഞ്ഞപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു.രണ്ടരവർഷം സബ് ജയിലിൽ കിടന്നു. കൂടം തീവയ്പ്പ് കേസിലെ ശിക്ഷയായ രണ്ടരവർഷം ഉൾപ്പെടെ അഞ്ചുവർഷം ശിക്ഷ വിധിച്ചു. താമ്രപത്രം ലഭിച്ചു.