അഗസ്തീഞ്ഞു ആഞ്ചലോസ്
പുന്നപ്ര പനഞ്ചിക്കൽ വീട്ടിൽ അഗസ്തീഞ്ഞുവിന്റെ മകനായി 1912-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയനെ തകർക്കുന്നതിനുവേണ്ടി കള്ളക്കേസുകൾ ചുമത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. നാല് മത്സ്യത്തൊഴിലാളികളെ പൊലീസ് ഭീകരമായി മർദ്ദിച്ചു. മറ്റു പലരെയും തേടിവന്നു. ഈ സന്ദർഭത്തിൽ തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. വാക്കുതർക്കം രൂക്ഷമായപ്പോൾ തൊഴിലാളികൾ സംഘമായി ഓഫീസ് ആക്രമിച്ചു. കൂടങ്ങൾക്കു തീയിട്ടു. പ്രാണരക്ഷാർത്ഥം മുതലാളിമാർ ഓടി. ചിലരുടെ വീടുകൾ തൊഴിലാളികൾ തകർത്തു. പൊലീസ് സംഘം വന്നപ്പോഴാണു ലഹള ശമിച്ചത്. അക്രമികളെ പിടികൂടാനെന്ന പേരിൽ പൊലീസ് മത്സ്യത്തൊഴിലാളി സങ്കേതങ്ങളിൽ അഴിഞ്ഞാടി. സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറി. അപ്ലോൺ അവറോജിന്റെ വീട്ടിൽ പൊലീസ് ക്യാമ്പ് ആരംഭിച്ചു.കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ ആഞ്ചലോസ് 15-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സെഷൻസ് കോടതി രണ്ടരവർഷം കഠിനതടവിനു ശിക്ഷിച്ചു.