ഔസേപ്പ് മാവുരു
പുന്നപ്ര പുളിക്കൽ വീട്ടിൽ ഔസേപ്പിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. യൂണിയനെ തകർക്കുന്നതിനുവേണ്ടി കള്ളക്കേസുകൾ ചുമത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. നാല് മത്സ്യത്തൊഴിലാളികളെ പൊലീസ് ഭീകരമായി മർദ്ദിച്ചു. മറ്റു പലരെയും തേടിവന്നു. ഈ സന്ദർഭത്തിൽ തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. വാക്കുതർക്കം രൂക്ഷമായപ്പോൾ തൊഴിലാളികൾ സംഘമായി ഓഫീസ് ആക്രമിച്ചു. കൂടങ്ങൾക്കു തീയിട്ടു. പ്രാണരക്ഷാർത്ഥം മുതലാളിമാർ ഓടി. ചിലരുടെ വീടുകൾ തൊഴിലാളികൾ തകർത്തു. പൊലീസ് സംഘം വന്നപ്പോഴാണു ലഹള ശമിച്ചത്. അക്രമികളെ പിടികൂടാനെന്ന പേരിൽ പൊലീസ് മത്സ്യത്തൊഴിലാളി സങ്കേതങ്ങളിൽ അഴിഞ്ഞാടി. സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറി. അപ്ലോൺ അവറോജിന്റെ വീട്ടിൽ പൊലീസ് ക്യാമ്പ് ആരംഭിച്ചു.പുന്നപ്ര തീവയ്പ്പ് കേസിലെ 45 പ്രതികളിൽ 17 പേർ പിടികൊടുക്കാതെ ഒളിവിൽ പോയി. അതിൽ ഒരാളായിരുന്നു മാവരു. ഒക്ടോബർ 23-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. മാവുരുവും കരുണാകരനും ജോനിസ് മൈക്കിളും കൂടിയാണ് ഹെഡ് കോൺസ്റ്റബിളിന്റെ കൈയിലെ തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ പട്ടാളത്തിന്റെ വെടിയേറ്റു രക്തസാക്ഷിയായി.