കെ.എസ്. കൃഷ്ണൻ
ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ 1922-ൽ കാളിയുടെ മകനായി ജനിച്ചു. തുറമുഖ തൊഴിലാളിയായിരുന്നു. യൂണിയൻ നേതാവുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സമരത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു കൃഷ്ണൻ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. ലൂയിസ് പ്രമാണിയെ ബയണറ്റ് ചാർജ്ജ് ചെയ്ത പൊലീസുകാരന്റെ വയറ്റിൽ തൃഷ്ണൻ തിരണ്ടയെ കുത്തുന്ന ചാട്ടുളി കുത്തിക്കയറ്റി. അടുത്ത നിമിഷം മറ്റൊരു പൊലീസുകാരന്റെ ബയണറ്റ് ചാർജ്ജേറ്റ് കൃഷ്ണൻ നിലംപതിച്ചു. എന്നാൽ മരിച്ചിരുന്നില്ല. രാത്രിയെത്തിയ പട്ടാളം ടോർച്ചടിച്ചു പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു. തോക്കിന്റെ പാത്തികൊണ്ട് കൃഷ്ണനെ ഇടിച്ചു കൊലപ്പെടുത്തി.