കെ.എസ്. ഗോപാലൻ
ആലപ്പുഴ ബീച്ച് വാർഡിൽ കൈതപ്പറമ്പിൽ വീട്ടിൽ 1927-ൽ കാളിയമ്മയുടെ മകനായി ജനിച്ചു. രക്തസാക്ഷി കൃഷ്ണന്റെ സഹോദരനാണ്. കൃഷ്ണൻ വെടിയേറ്റു വീണപ്പോൾ ഗോപാലൻ ജ്യേഷ്ഠനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് വെടിയേറ്റത്. ക്യാമ്പിനുനേരെ മറഞ്ഞുനിന്നു കല്ലെറിഞ്ഞിരുന്ന ഗോപാലൻ വെടിയേറ്റു വീണിട്ടും പിൻവലിയാൻ വിസമ്മതിച്ചു. ജ്യേഷ്ഠനെ രക്ഷപ്പെടുത്താനുവേണ്ടി സമീപം നിന്നിരുന്ന പൊലീസുകാരനെ എറിഞ്ഞു വീഴ്ത്തുന്നതിനിടയിലാണു വെടിയേറ്റതെന്ന ഭാഷ്യവും ഉണ്ട്. മുറിവ് കെട്ടിക്കൊടുത്ത ലൂയിസ് പ്രമാണി തോട്ടിലേക്കു പിൻവാങ്ങി രക്ഷപ്പെടാൻ ഉപദേശിച്ചെങ്കിലും നേരം ഇരുട്ടുമ്പോൾ ജ്യേഷ്ഠനെ രക്ഷപ്പെടുത്താമെന്ന ആശയിൽ വീണിടത്തു തന്നെ കിടന്നു. എന്നാൽ ഇരുട്ടിയപ്പോൾ എത്തിച്ചേർന്ന പട്ടാളം ഗോപാലനെയും തോക്കിന്റെ പാത്തികൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്തി. അമ്മ കാളിക്കു രണ്ടു മക്കളേയും നഷ്ടപ്പെട്ടതോടെ മാനസികനില തെറ്റി അവരെ അന്വേഷിച്ച് ആലപ്പുഴയിൽ അലയുമായിരുന്നു.