ക്യാപ്റ്റൻ ചാക്കോ
പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലെ അവിസ്മരണീയ നേതാക്കളിൽ ഒരാളാണ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്ന കാക്കിരിയിൽ ചാക്കോ. പൊലീസ് ആക്രമണവേളയിൽ വെടിയേറ്റുവീണ ചാക്കോയെ പി.കെ. ചന്ദ്രാനന്ദനും കൂട്ടരും എടുത്തുകൊണ്ടാണ് സമരഭൂമിയിൽ നിന്നും പിന്മാറിയത്. ചോരയിൽക്കുതിർന്ന ചാക്കോയെ വട്ടയാൽ പള്ളിയുടെ സമീപത്ത് ഒരു വീട്ടിൽ കിടത്തി. നെഞ്ചിൽതറച്ച വെടിയുണ്ട തുളഞ്ഞു പുറത്തുപോയിരുന്നു. കേട്ടറിഞ്ഞ ഭാര്യ സാറാമ്മയും കുട്ടികളും അലമുറയിട്ട് ഓടിച്ചെന്നു. ആരോ കൊണ്ടുവന്ന പാൽച്ചായ വായിൽ ഒഴിച്ചുകൊടുത്തു. അപ്പോഴേക്കും സഖാക്കൾ മറ്റൊരു രഹസ്യസങ്കേതത്തിലേക്കു കൊണ്ടുപോയി. ഡോ. ശ്രീനിവാസൻ ആയിരുന്നു ചികിത്സ നൽകിയിരുന്നത്. ഗുണ്ടകളും ഒറ്റുകാരും ചേർന്ന് ഒളിവിൽ കിടന്ന വീട് തീയിടാൻ പരിപാടിയുണ്ടെന്ന് അറിഞ്ഞ് സാറാമ്മയും മറ്റു മൂന്നുസ്ത്രീകളുംകൂടി ചാക്കോയി അവിടെ നിന്നും താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി കൊണ്ടുപോന്നു. വസൂരി വന്നു ചത്ത പ്രേതമാണെന്നായിരുന്നു വിശദീകരണം. സ്വന്തം വീട്ടിൽ തന്നെ കിടന്നു. രണ്ടുദിവസം കഴിഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തു കടപ്പുറം ജില്ലാ ആശുപത്രിയിലാക്കി. വൃണം ഉണങ്ങിയപ്പോൾ ചാക്കോയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. ക്യാപ്റ്റൻ ചാക്കോയെ എട്ടുകൊല്ലത്തേക്കു ശിക്ഷിച്ചു. ജയിലിൽ കിടക്കുമ്പോഴാണ് പാർടി മുൻകൈയെടുത്ത് മൂത്തമകൾ കരോളിനയുടെ വിവാഹം നടത്തിയത്. ജയിൽനിന്നു പുറത്തുവന്ന് പത്തുകൊല്ലംകൂടി ജീവിച്ചശേഷമാണ് ചാക്കോ അന്തരിച്ചത്. ചാക്കോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രക്തസാക്ഷി പത്രോസിന്റെ മകൾ സ്റ്റെല്ലയെയാണ് മകൻ അരുളപ്പൻ വിവാഹം ചെയ്തത്. പാർടിയാണു വിവാഹം നടത്തിയത്.