എം.ഡി. വക്കൻ
മാരാരിക്കുളം തെക്ക് തകിടിയിൽ വീട്ടിൽ 1922 സെപ്റ്റംബറിൽ ജനനം. നാലാം ക്ലാസ് വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.കലവൂർ പി.എൽ. കമ്പനി, പാതിരപ്പള്ളി ബോംബെ കമ്പനി എന്നിവിടങ്ങളിൽ തൊഴിലാളിയായി ജോലി ചെയ്തു. കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കോട്ടു മാറിയുള്ള മൈതാനമായിരുന്നു ക്യാമ്പ്. ഗോപാലൻ ഒതളേക്കാട്, കരുണാകരൻകുട്ടി, വി.കെ. നാരായണൻ, ഭാർഗവൻ തുടങ്ങിയവരായിരുന്നു ക്യാമ്പിലെ പ്രധാനികൾ. ക്യാമ്പ് അംഗങ്ങൾ വാരിക്കുന്തവുമായി സ്ക്വാഡ് അംഗങ്ങളായി റോന്ത് ചുറ്റിയിരുന്നു. പലപ്പോഴും അരപൊലീസിനെ പിടിച്ചുകെട്ടി ക്യാമ്പിൽ കൊണ്ടുവരുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കാൻ ചുമതലപ്പെടുത്തിയ വോളണ്ടിയർ സംഘത്തിൽ അംഗമായിരുന്നു. പാലം പൊളിച്ചശേഷം രണ്ടുനിരയായി വടക്കോട്ടുപോയി. മായിത്തറ പാലം പൊളിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് ജീപ്പുകളിൽ പൊലീസ് വന്നു. പിരിഞ്ഞുപോകാൻ വിസമ്മതിച്ചപ്പോൾ പൊലീസ് മുകളിലേക്കു വെടിവച്ചു. കമിഴ്ന്നുകിടന്ന് പൊലീസിനു നേർക്ക് വോളന്റിയർമാർ ഇഴഞ്ഞുനീങ്ങി. പൊലീസ് തിരിച്ചുപോയി. ഏഴ് മാസത്തോളം ഒളിവിലായിരുന്നു. ജോൺ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒളിവിൽ കഴിയുമ്പോഴായിരുന്നു കാഞ്ചനവല്ലിയുമായുള്ള വിവാഹം. താവളമായി ഉപയോഗിച്ചിരുന്ന ചായക്കടക്കാരന്റെ മകളായിരുന്നു. അദ്ദേഹം മുൻകൈയെടുത്തായിരുന്നു വിവാഹം. വീട്ടിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്ത് മർദ്ദനം ആരംഭിച്ചു. ചേർത്തല ലോക്കപ്പിൽ കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും മർദ്ദനത്തിന്റെ ഭീകരത കുറഞ്ഞിരുന്നുവെന്നു വക്കൻ ഓർക്കുന്നു. 2019-ല്97-ാം വയസ്സിൽ അന്തരിച്ചു. ഭാര്യ: കാഞ്ചനവല്ലി. മക്കൾ: തമ്പി, മണിയപ്പൻ പൊന്നപ്പൻ, തങ്കച്ചൻ, ഉദയമ്മ.

