റ്റി.കെ. വേലായുധൻ
പുന്നപ്ര-വയലാർ സമരത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾക്കു സൗകര്യമാകുംവിധം കലവൂർ, മണ്ണഞ്ചേരി, കാട്ടൂർ തുടങ്ങി ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു മദ്ധ്യമേഖല രൂപീകരിച്ചിരുന്നു. അതിന്റെ സെക്രട്ടറിയായിരുന്നു റ്റി.കെ. വേലായുധൻ. കാട്ടൂർ ക്യാമ്പ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായിരുന്നു. കാട്ടൂർ സമരത്തിലെ പങ്കാളിയും വെടിവയ്പ്പിന്റെ ദൃക്സാക്ഷിയുമായിരുന്നു. കാട്ടൂർ സംഭവം സംബന്ധിച്ച് കെ.സി. ജോർജ്ജിന്റെ വിവരണം റ്റി.കെ. വേലായുധനെ അടിസ്ഥാനമാക്കിയുള്ളതാണ്. കാട്ടൂർ വെടിവയ്പ്പിൽ രക്തസാക്ഷിയായ ജോസഫിനു പുറമേ സെബാസ്റ്റ്യൻ, ദാമോദരൻ, ഉമ്മിണിശ്ശേരി വേലു, പളനി, വലിയതയ്യിൽ സജ്ജോൺ, റോക്കി എന്നിവർക്കുകൂടി പരിക്കുപറ്റി. ലോക്കപ്പിലും സബ് ജയിലിലും ഇത്രയധികം ക്രൂരവും നീചവുമായ മർദ്ദനമേറ്റവർ അധികമുണ്ടാവില്ല. ഒരു ഘട്ടത്തിൽ മൃതപ്രായനായ വേലായുധനെ പൊലീസുകാരുപോലും ഉപേക്ഷിച്ചു. ഒരു പൊലീസുകാരൻ സഹതാപംകൊണ്ടു നൽകിയ തൈലം പുരട്ടി ഒരു തടവുകാരൻ നടത്തിയ ചവുട്ടിതിരുമ്മലിലാണു ജീവൻ തിരിച്ചുകിട്ടിയത്.