കെ.കെ. ചെല്ലപ്പൻ
മണ്ണഞ്ചേരി വടക്കനാര്യാട് എട്ടുകണ്ടത്തിൽ കുട്ടന്റെയും പാപ്പിയുടേയും മകൻ. 1913-ൽ ജനനം. കളരിവിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ. സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിലും സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലും പങ്കെടുത്തു. പതിമൂന്നാം വയസ്സിൽ വില്യം ഗുഡേക്കറിൽ കയർ തൊഴിലാളിയായി ചേർന്നു. മികച്ച തൊഴിലാളിയെന്ന നിലയിൽ അധികാരികളിൽ നിന്നും റാലി സൈക്കിൾ സമ്മാനമായി ലഭിച്ചു. കയറിന്റെ ഉലച്ചിൽ മാറ്റുന്നതിനു ചെല്ലപ്പൻ രൂപകല്പന ചെയ്ത ബെൽറ്റ് പ്രത്യേക പ്രശംസനേടി. ഫാക്ടറിയിൽ മൂപ്പനായി.
അക്കാലത്ത് സുഗതൻ സാറിന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള നിശാപഠശാലയിൽ നിന്നും മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. സമരത്തിന്റെ ഭാഗമായി വലിയവീടു ക്യാമ്പിലും വിരുശ്ശേരി ക്യാമ്പിലും പ്രവർത്തിച്ചു. ആലപ്പുഴജയിലിൽ 6 മാസവും 17 ദിവസവും തടവ് അനുഭവിച്ചു. മർദ്ദനത്തിനിരയായി. 1947 ആഗസ്റ്റ് 15-ന് പോലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ പിഇ-7/122 നമ്പർ കേസിൽ ഒന്നാംപ്രതിയായി. തുടർന്ന് ഒളിവിൽ പോയി. 2004-ൽ അന്തരിച്ചു. ഭാര്യ: നാരായണി.മക്കൾ: സുധാകരൻ, വിജയൻ, ശോഭന, ലാൽ, ചന്ദ്രമതി, ജയിനൻ, രവീന്ദ്രൻ, അജയൻ.

