പി.കെ. മാധവന്
മുഹമ്മ പോട്ടച്ചാല്‍ വീട്ടില്‍ കൊച്ചുകുട്ടിയുടെയും കാര്‍ത്ത്യായനിയുടെയും മകനായി 1914 ആഗസ്റ്റ് 4-ന് ജനിച്ചു. കർഷക കുടുംബമായിരുന്നു. മാധവൻ കയർഫാക്ടറി തൊഴിലാളിയും ആദ്യകാല മുഹമ്മ യൂണിയന്റെ പ്രവർത്തകനുമായിരുന്നു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ കനകജൂബിലി സുവനീറിൽ അക്കാലത്തെ തൊഴിലാളികളുടെ ദയനീയസ്ഥിതി മാധവൻ വിവരിക്കുന്നുണ്ട്. നാട്ടുപ്രമാണിമാരുടെ എതിർപ്പിനെ മറികടക്കാൻ കരുണാകരപ്പണിക്കരെ മാത്രമല്ല, മറ്റുപലപ്രമുഖരെയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് വരേക്കാട്ട് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. സമരത്തിനു തൊട്ടുമുമ്പ് അറസ്റ്റിലായി. ക്രൂരമർദ്ദനമേൽക്കുകയും ചെയ്തു. ജയിൽ നിന്നു പുറത്തുവന്നതിനുശേഷവും ഒളിവിലായിരുന്നു പ്രവർത്തനം. മാധവനും മറ്റും ഉയർത്തിയ വായനശാലയും ഓഫീസും പട്ടാളം തീവച്ചു നശിപ്പിച്ചു.
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ 1954-ലെ വാർഷികത്തിന് ഖജാൻജിയായി. 1956-ലെ ഒൻപതാം വാർഷികത്തിൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കഞ്ഞിക്കുഴിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. 20 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ചാരമംഗലം എസ്.ഡി.വി സ്ക്കൂളിന്റെ സ്ഥാപകനും മാനേജറുമായിരുന്നു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ ഭാര്‍ഗ്ഗവി. മക്കള്‍ ഇന്ദിര, ഭുവന, ശാന്തമ്മ, ശ്രീദേവി, ഡോ.സന്തോഷ് കുമാര്‍. പി.എം.പ്രിയലാല്‍, ലൈജുമോള്‍.

