മാധവിഅമ്മ ചീരപ്പൻചിറ
ചീരപ്പൻചിറ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കാരണവത്തിയും കമ്മ്യൂണിസ്റ്റുകാർക്കു താങ്ങും തണലുമായിരുന്നു മാധവിയമ്മ. സി.കെ. കരുണാകരപണിക്കരുടെ സഹോദരി ആയിരുന്നു. കുമാരപണിക്കരെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനനിരതനാക്കിയതിൽ മാധവിഅമ്മ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിയുന്നതിന് പണിക്കർ ചിന്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇടപെട്ട് ഉറപ്പിച്ചു നിർത്തിയതു മാധവിഅമ്മയാണ്. അതിനു പല ബന്ധുക്കളും മാധവിഅമ്മയെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൃഷ്ണപിള്ള, എകെജി, എൻ.സി. ശേഖർ, എംഎൻ, നായനാർ, പി.ടി. പുന്നൂസ് തുടങ്ങിയ നേതാക്കൾക്കു മാത്രമല്ല നാട്ടിലെ തൊഴിലാളികൾക്കും പുന്നപ്ര-വയലാർ സമരകാലത്തു മാത്രമല്ല മുമ്പും താങ്ങുംതണലുമായിരുന്നു മാധവിഅമ്മയുടെ വീട്. കൊച്ചമ്മ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. വീട്ടിൽ ഒത്തുകൂടുന്ന സഖാക്കൾക്കെല്ലാം ഭക്ഷണം തയ്യാറാക്കി നൽകുന്നതിനു വലിയ ക്ലേശം സഹിക്കേണ്ടിവന്നിട്ടുണ്ട്. ഏതു സമ്മേളനത്തിനും എത്ര ദൂരം നടന്നും മാധവിയമ്മ പ്രസംഗം കേൾക്കാൻ പോകുമായിരുന്നു.
പുന്നപ്ര-വയലാർ സമരം സാമ്പത്തികമായി വലിയ അസ്ഥിരത കുടുംബത്തിന് ഉണ്ടാക്കി. സ്വത്തുക്കളും ഫാക്ടറിയും അന്യാധീനപ്പെട്ടു. ഒളിവിലിരിക്കുന്ന പണിക്കരുടെ ചെലവിന് എത്തിക്കുന്നതിനും സുശീലയുടെ കോളേജ് വിദ്യാഭ്യാസത്തിനും പണം വേണ്ടിയിരുന്നു. മകൾ സുശീലയെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതിൽ ആ മാതാവിനുള്ള പങ്ക് നിസീമമാണ്.ഭർത്താവ്: വേലുക്കുട്ടി. മക്കൾ: മിതാശയൻ, സരോജിനി, സുശീലാ ഗോപാലൻ.

