ഒ.ഇ. ഗോപാലൻ
കഞ്ഞിക്കുഴിയിലെ ജി.എസ്. മല്ലയ്യ കയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. ഫാക്ടറി കമ്മിറ്റി കൺവീനറും കണിച്ചുകുളങ്ങര സ്ക്വാഡ് ലീഡറുമായിരുന്നു. ഒക്ടോബർ 22-ന് തൊഴിലാളികൾ പണിമുടക്കി മുഹമ്മയിൽ പ്രകടനമായി എത്തി. യൂണിയൻ ഓഫീസിനു മുന്നിലെ കൊടിയെടുക്കാൻ വരുന്ന പട്ടാളക്കാരെ തടയുകയായിരുന്നു ലക്ഷ്യം. മാരാരിക്കുളം പാലം ഒക്ടോബർ 24-ന് രാത്രി പൊളിച്ചതിൽ പങ്കാളിയായി. പുനർനിർമ്മിച്ച പാലം പൊളിക്കുന്നതിന് 26-ാം തീയതിയിലെ പ്രകടനത്തിൽ പങ്കാളിയായിരുന്നു. ഒക്ടോബർ 28 മുതൽ ഒളിവിലായി പ്രവർത്തനം. പട്ടാളക്കാർ പിടികൂടി ലോക്കപ്പിലാക്കി. കോടതി മൂന്നുവർഷത്തേക്കു ശിക്ഷിച്ചു. സെൻട്രൽ ജയിലിലാണു കഴിഞ്ഞത്. ജയിൽ കലാപത്തിലും പങ്കാളിയായി. ശാരീരിക പീഡനംമൂലം ഏറെക്കാലം രോഗിയായി കഴിയേണ്ടിവന്നു.