പത്മനാഭൻ തുരുത്തിൽ
കളവംകോടം അമ്പലത്തിന്റെ വടക്കു-കിഴക്കാണ് കുണ്ടേശ്ശേരി ഭജനമഠം. അതിന്റെ പരിസരത്തായിരുന്നു കളവംകോടം ക്യാമ്പ്. പത്മനാഭന്റെ കരിയിൽ കുടുംബവീട് അമ്പലത്തിനു നേരെ കിഴക്കുവശത്താണ്. വെടിവയ്പ്പിന് ഒരാഴ്ച മുമ്പാണ് ക്യാമ്പ് ആരംഭിച്ചത്. കുമാരപണിക്കരുടെ നിർദ്ദേശം പ്രകാരം ഒരു യൂണിറ്റ് (60 പേർ) വോളന്റിയർമാർ വയലാറിലേക്കു പോയി. പത്മനാഭൻ ഒരു ചാട്ടുള്ളി കരുതിയിരുന്നു. പുല്ലാംചിറ പാലം കയറി അപ്പുറത്ത് ചെല്ലുംമുമ്പേ വയലാറിലെ വെടിവയ്പ്പ് ആരംഭിച്ചിരുന്നു. പത്മനാഭനും കൂട്ടരും രാമവർമ്മയുടെ പുരയിടത്തിലൂടെ കെ.സി. വേലായുധന്റെ വീടിനടുത്തു നിലയുറപ്പിച്ചു. അടുത്തുള്ള ഒരു ഫാക്ടറി കെട്ടിടത്തിൽനിന്ന് ഇറങ്ങിവന്ന പട്ടാളക്കാർ അവരുടെ നേർക്കു വെടിവച്ചു. തലപൊക്കിയവർക്കൊക്കെ വെടികൊണ്ടു. വെടിവയ്പ്പിന്റെ തീവ്രതകൊണ്ട് മുന്നോട്ടുപോകാൻ നിവൃത്തിയില്ലാത്ത അവസ്ഥയായപ്പോൾ തിരിഞ്ഞ് ഇഴഞ്ഞു കായലരികത്തുചെന്നു. നീന്തി വീട്ടിൽ കയറി. വയലാർ ക്യാമ്പിൽ ഉണ്ടായിരുന്ന അനുജനെ അന്വേഷിച്ച് തിരിച്ചു രാത്രി പോയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. പിറ്റേന്ന് പട്ടാളം കളവംകോടം ക്യാമ്പ് പരിശോധിക്കാനെത്തി. ഭജനമഠം കത്തിച്ചു തിരിച്ചുപോയി.

