കെ.വി. ഷൺമുഖൻ
ചേർത്തല കർഷകത്തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഒളതല ക്യാമ്പിന്റെ ലീഡറായി പ്രവർത്തിച്ചിരുന്നു. ക്യാമ്പിന്റെ മൂന്നുവശങ്ങളിൽ ആഴത്തിലുള്ള കിടങ്ങുകൾ കുഴിച്ചു. വെടിവയ്പ്പ് സമയത്ത് കിടങ്ങിൽ സുരക്ഷിതരായി ഇരിക്കുന്നതിനും വെടിയുണ്ടകൾ തീരുമ്പോൾ കടന്നാക്രമിക്കുന്നതിനുമായിരുന്നു തീരുമാനം. ഒളതല ക്യാമ്പിൽ മരണസംഖ്യ കുറഞ്ഞതിനു പ്രധാനപ്പെട്ട കാരണം ഇതായിരുന്നു. കുമാരപ്പണികരുടെ കത്ത് കിട്ടിയതിനെത്തുടർന്ന് 28 കർഷകത്തൊഴിലാളികളെ ഒക്ടോബർ 22-ന് വയലാർ ക്യാമ്പിലെത്തിച്ചു. അവരിൽ പലരും കൊല്ലപ്പെട്ടു. അഞ്ച് മണിയായപ്പോൾ പട്ടാളക്കാർ വെടിനിർത്തി പിൻവാങ്ങി. ഒറ്റപ്പെട്ടുപോയ ഒരു പട്ടാളഗ്രൂപ്പിനെ വളഞ്ഞു പിടിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. വൈകിട്ട് 6.30-ന് നേതാക്കളെത്തി. ക്യാമ്പ് പിരിച്ചുവിടുന്നതിന് സഖാക്കൾ തയ്യാറായിരുന്നില്ല. 11-ാം തീയതി 11 മണിയോടുകൂടിയാണ് പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്താൻ കഴിഞ്ഞത്. വെടിയേറ്റു മരിച്ച സഖാക്കളെ അടക്കംചെയ്തശേഷം 11 മണിക്ക് രണ്ട് വീതമുള്ള സ്ക്വാഡുകളായി സ്ഥലംവിട്ടു. കൊച്ചി ആയിരുന്നു ഒളിത്താവളം.