കെ.സി. വേലായുധൻ
വയലാർ കോയിക്കൽ വീട്ടിൽ 1911-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി. വയലാർ ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്നു. മലയാള മനോരമ വേലായുധനെ ഒരു സന്ദർഭത്തിൽ “വയലാർ ഐജി” എന്നു വിശേഷിപ്പിക്കുകയുണ്ടായി.
പുന്നപ്ര വെടിവയ്പ്പിനുശേഷം വയലാറിലെ ക്യാമ്പുകൾ തുടരേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് വയലാർ പ്രദേശത്തെ ആക്ഷൻകൗൺസിലിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ക്യാമ്പുകൾ പിരിച്ചുവിടണമെന്ന അഭിപ്രായം പലർക്കും ഉണ്ടായിരുന്നു. എന്നാൽ കെ.സി. വേലായുധൻ ഈ നിലപാടിനെ കഠിനമായി എതിർത്തു. ഇതു തൊഴിലാളികളുടെ പ്രതിരോധശേഷിയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുമെന്നായിരുന്നു വേലായുധന്റെ വാദം. എൻ.പി. തണ്ടാരും ഇതിനെ പിന്താങ്ങി. ക്യാമ്പുകൾ പിരിച്ചുവിടുന്നതിനുള്ള പത്രോസിന്റെ നിർദ്ദേശം വയലാർ വെടിവയ്പ്പിനുശേഷമാണ് എത്തിച്ചേർന്നത്.
സമരത്തെ തുടർന്നു പോലീസ് കേസ് എടുത്തു. 1946-52 കാലയളവിൽ ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും ആശുപത്രി ജയിലിലുമായി 34 മാസം തടവിലായിരുന്നു. കെ.കെ. കമലാക്ഷിയും, കെ.സി. വേലായുധനും സമരസേനാനി ദമ്പതികളാണ്. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.1984 ജനുവരി 17-ന് അന്തരിച്ചു. ഭാര്യമാർ: മങ്ക കാർത്ത്യായനി, കെ.കെ. കമലാക്ഷി. മക്കൾ: ബാബു, കാർത്തികേയൻ, ടാനിയ, സുകർണ്ണോവ്, ദിമിത്രോവ്, സന്തോഷ് കുമാർ. കമലാക്ഷിയെക്കുറിച്ച് ———– ക്രമനമ്പരിൽ വിശദമായി എഴുതിയിട്ടുണ്ട്.

