ഭൈമി സദാശിവൻ
ഭൈമി സദാശിവനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് മദർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സി. നാരായാണിഅമ്മയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധന കാലയളവിൽ നേതാക്കളുടെയും പ്രവർത്തകരുടെയും അഭയകേന്ദ്രമായിരുന്നു അവരുടെ വീട്. (ക്രമ നമ്പർ ——ൽ എഴുതിയിട്ടുണ്ട്).
പുന്നപ്ര-വയലാർ സമരത്തിന്റെ തുടക്കത്തിൽ പാർട്ടി അനുഭാവികളുടെ വീടുകൾ കയറി ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ശേഖരിച്ചത് ഭൈമിയുടെ നേതൃത്വത്തിലുള്ള മഹിളാസംഘം പ്രവർത്തകരായിരുന്നു. ജീവൻപോലും പണയപ്പെടുത്തിയുള്ള ഭൈമിയുടെ പ്രവർത്തനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളേയും അതിശയിപ്പിച്ചു. പിന്നീട്, പാർട്ടിയുടെ നിർദ്ദേശപ്രകാരം ആദർശധീരനായ സി. ജി. സദാശിവനെ വിവാഹം കഴിക്കാൻ ഭൈമി തീരുമാനിക്കുകയായിരുന്നു. 1945 ൽ ആയിരുന്നു വിവാഹം. പുന്നപ്ര-വയലാർ സമരത്തിന്റെ നായകൻ സി കെ കുമാരപണിക്കരാണ് വിവാഹത്തിന് മുൻകൈ എടുത്തത്. വിവാഹ കാര്യം ഇരുവരുടെയും വീട്ടിൽ സംസാരിച്ചത് മുതിർന്ന നേതാവ് എം എൻ ഗോവിന്ദൻനായരും. അക്കാലത്ത് നടന്ന ഇവരുടെ വിവാഹം വളരെ ലളിതമായിരുന്നു. തൊഴിലാളികൾ ജോലികഴിഞ്ഞെത്തുന്ന സമയമായിരുന്നു വിവാഹ മുഹൂർത്തം. വരന്റെ ആൾക്കാരായി അഞ്ചുപേർ മാത്രമേ എത്തുകയുള്ളൂവെന്ന് സി ജിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അമ്മ നാരായണിക്ക് ഇത് ഉൾക്കൊള്ളാനായില്ല. അങ്ങനെയെങ്കിൽ കുടുംബത്തിൽ നിന്നും ആരും സഹകരിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.
ഒരു യാഥാസ്ഥിതിക കുടുംബത്തിന് ഇത്തരത്തിലുള്ള വിവാഹം ചിന്തിക്കാൻപോലും കഴിയില്ലായിരുന്നു. അമ്മയുടെ കരച്ചിലും പരിഭവങ്ങളും സി ജിയുടെ തീരുമാനത്തിൽ ചെറിയ അയവ് വരുത്തി. വിവാഹം വധൂഗൃഹത്തിലും സ്വീകരണം യൂണിയൻ ഓഫീസിലുമെന്ന് ഭേദഗതി വരുത്തി. ചുറ്റികയും അരിവാളും അടയാളപ്പെടുത്തിയതായിരുന്നു താലിമാല. ഭൈമിയുടെ പിതാവ് സി ജിക്ക് നൽകിയ സ്വർണ്ണ മോതിരം വേദിയിൽ വെച്ച് തന്നെ ഊരി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയത് ചരിത്രം.
പുന്നപ്ര-വയലാർ സമരത്തിന് ശേഷം ഭൈമി സദാശിവന് ദീർഘനാൾ ഒളിവിൽ കഴിയേണ്ടിവന്നു. അന്നവർ ഗർഭിണിയായിരുന്നു. തൃപ്പൂണിത്തുറ ഏരൂരിൽ ആയിരുന്നു ഒളിവ് ജീവിതം. മൂത്തമകൾ സോയയെ അഞ്ച് വയസ്സ് തികഞ്ഞപ്പോഴാണ് സി ജി കാണുന്നത്. അദ്ദേഹം തിരുവനന്തപുരം സെൻട്രൽ ജയിൽ, ചെങ്കൊട്ട എന്നിവിടങ്ങളിലായി അഞ്ച് വർഷം നീണ്ട ജയിൽവാസവും അനുഭവിച്ചു. 1957 ൽ സി.ജി.സദാശിവൻ എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വയലാർ ഒളതലയിലെ ഒരു യാഥാസ്ഥിക കുടുംബമായ കൈതവേലിയിൽ വേലായുധൻ- നാരായണി ദമ്പതികളുടെ മകളായാണ് 1923 ൽ ഭൈമി ജനിച്ചത്. ഭൈമി ഉൾപ്പെടെയുള്ള നാല് മക്കൾ മാതാപിതാക്കളുടെ കർശന ശിക്ഷണത്തിലാണ് വളർന്നത്. പൊതുപ്രവർത്തനത്തിൽ ഒട്ടും താൽപ്പര്യമില്ലാത്ത കുടുംബാന്തരീക്ഷമായിരുന്നു അവരുടേത്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം, മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഭൈമി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലിരുന്ന് ഭരണരംഗത്തും മികവ് തെളിയിച്ചു.