കൊച്ചുപെണ്ണ്
മോനാശ്ശേരി ക്യാമ്പിന് അല്പം തെക്കുമാറിയാണ് കുഞ്ഞിപ്പെണ്ണിന്റെ തോപ്പിൽ വീട്. പട്ടാളത്തെ നേരിടാൻ മോനാശ്ശേരി ക്യാമ്പിൽ നിന്നും ആളുകൾ വടക്കോട്ട് ജാഥയായി പോയപ്പോൾ കുഞ്ഞിപ്പെണ്ണും കൊയ്ത്ത് അരിവാളുമെടുത്തു പുറകേ പോയി. മാറിപ്പോ തള്ളേയെന്നു പട്ടാളക്കാർ വിളിച്ചു പറഞ്ഞിട്ടും കൂസാതെ നിന്ന കുഞ്ഞിപ്പെണ്ണിനു നേരെ അവർ വെടിയുതിർത്തു. അരിവാളേന്തിയ വലതു കൈക്കാണു വെടിയേറ്റത്. എന്നിട്ടും തൊട്ടടുത്ത് ഉണ്ടായിരുന്ന അമ്പലത്തിന്റെ ചുവട്ടിൽ പട്ടാളക്കാർ പോകുംവരെ കുത്തിയിരുന്നു. അന്ന് 60 വയസായിരുന്നു പ്രായം. വെടിവയ്പ്പ് കഴിഞ്ഞ് “എനിക്കിട്ടും കിട്ടിയെടാ” എന്നു പറഞ്ഞു ചോരയൊലിക്കുന്ന വലതുകൈ തലയിൽ പിടിച്ചുകൊണ്ടാണ് വീട്ടിലേക്കു വന്നത്. ചേർത്തല ആശുപത്രിയിൽ കൊണ്ടുപോയി അഡ്മിറ്റാക്കി. പക്ഷേ, പിന്നെ വിട്ടിലേക്കു തിരിച്ചുവന്നില്ല. ആശുപത്രിയിൽ കിടന്നു മരിച്ചു. വീട്ടുകാരെ അറിയിക്കുകപോലും ചെയ്യാതെ മതിലകത്തിനടുത്തെ പൊതുശ്മശാനത്തിൽ അടക്കി. മക്കൾ: കണ്ടൻ (സ്വാതന്ത്ര്യസമര സേനാനി), കൊച്ചയ്യപ്പൻ.