എ. മാധവൻ ചാലിവേലിത്തറ
മേനാശ്ശേരി ക്യാമ്പിൽ അംഗമായിരുന്നു 15 വയസുകാരനായ മാധവൻ. അച്ഛൻ അയ്യനും ജ്യേഷ്ഠൻ രാഘവനും ക്യാമ്പിൽ ഉണ്ടായിരുന്നു. കെ.സി. വേലായുധനും എൻ.പി. തണ്ടാരും ക്യാമ്പ് പിരിച്ചുവിടുന്നതിന് എതിരായിരുന്നൂവെന്ന് മാധവൻ ഓർക്കുന്നു. വയലാർ വെടിവയ്പ്പ് നടക്കുന്നതിനെക്കുറിച്ച് മേനാശ്ശേരിയിൽ അറിഞ്ഞിരുന്നില്ല. 18 പട്ടാളക്കാരാണ് ക്യാമ്പിൽ ആദ്യം വന്നത്. എരുമയെ വെടിവച്ചശേഷം മനുഷ്യർക്കുനേരെ തിരിയുകയായിരുന്നു. മാധവൻ ഉൾപ്പെടെ ചിലർ അയ്യൻകാടിന്റെ പുരയിടത്തിലെ തെക്കുപുറത്തെ കുളത്തിലിറങ്ങി. പട്ടാളവും കമിഴ്ന്നുകിടന്നു വെടിവയ്ക്കുകയായിരുന്നു. കുളത്തിലും കിടങ്ങിലുമായി കിടന്നും ഓടിയും രക്ഷപ്പെട്ടു. വയലാർ സമരത്തിൽ പങ്കെടുത്തുന്നതിനു മാധവന്റെ പേരിൽ കേസ് ഉണ്ടായിരുന്നില്ല. എങ്കിലും കുറേനാൾ അർദ്ധഒളിവു ജീവിതത്തിലായിരുന്നു. മിച്ചഭൂമി സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ പോയിട്ടുണ്ട്. ഇതുപോലെ മറ്റുചില കേസുകളുമായി ബന്ധപ്പെട്ടും ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

