റ്റി.കെ. കുമാരന്
മുഹമ്മ തോട്ടത്തുശ്ശേരിയില് കണ്ടയുടെയും മങ്കയുടെയും മകനായി 1925-ല്ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 21-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. തൊഴിലാളി സംഘടിപ്പിക്കുന്നതിനും ജാഥ നടത്തുന്നതിനും നേതൃത്വം നൽകിയിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. അവിടെ നിന്നും കണ്ണാർക്കാട് ക്യാമ്പിലേക്കു മാറി. ഒക്ടോബർ 26-ന് വെളുപ്പിന് 5.30-ന് വാട്ടുകപ്പ വേവിച്ചതും തേയില വെള്ളവും കഴിച്ച് അമ്മയോട് അനുവാദം വാങ്ങിയാണ് ഉറ്റസുഹൃത്ത് ഭാനുവും ഗരുഡക്കാരൻ കുമാരനും മറ്റുചില കൂട്ടുകാരും വീട്ടിൽ നിന്നും ഇറങ്ങിയത്. മാരാരിക്കുളം പാലം പൊളിക്കുന്നതിനായി നീങ്ങിയ നൂറോളം സമരക്കാർക്കുനേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റു കുമാരനും കൊല്ലപ്പെട്ടു. കൂടെ ഉറ്റസുഹൃത്ത് ഭാനുവും. മൃതദേഹങ്ങൾ പട്ടാളം പാലത്തിനടിയിൽ മറവുചെയ്തു. വീട്ടുകാർക്കു മരണം സ്ഥിരീകരിക്കാനായത് രണ്ടുദിവസം കഴിഞ്ഞിട്ടാണെന്ന് 12 വയസുകാരനായിരുന്ന സഹോദരൻ റ്റി.കെ. പളനി പറഞ്ഞിട്ടുണ്ട്. അസാമാന്യമായ ധീരതയും സംഘടനാ വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാരനായിരുന്നു റ്റി.കെ. കുമാരൻ.