എ. ഭാസ്കരൻ
22 വയസുകാരനായ ഭാസ്കരൻ കയർപിരി തൊഴിലാളിയായിരുന്നു. ആദ്യം കളവംകോട് ക്യാമ്പിലായിരുന്നു. പിന്നീട് വയലാറിലായി. ക്യാമ്പിൽ സമരഗാനങ്ങൾ പാടുകയും കലാപരിപാടികൾ നടത്തുകയും പതിവായിരുന്നു. 50 പേർ അടങ്ങിയ ഗ്യാംങ് എപ്പോഴും ക്യാമ്പിനു കാവൽനിൽക്കും. കായലിനടുത്ത് സ്കൗട്ടുകളും പ്രത്യേക അടയാള വാക്കുകളും ഉണ്ടായിരുന്നു. 26-ാം തീയതി രാത്രി പട്ടാളം ബോട്ടിൽക്കൂടി ക്യാമ്പ് ആക്രമിക്കാൻ രാത്രിയിൽ നടത്തിയ ശ്രമം ശക്തമായ കല്ലേറുകൊണ്ടു പ്രതിരോധിച്ചു. എന്നാൽ പിറ്റേന്ന് പട്ടാളക്കാർ ചാടിയിറങ്ങിയത് വെടിയുതിർത്തുകൊണ്ടായിരുന്നു. നിലത്തുകിടന്ന് ഇഴഞ്ഞുനീങ്ങിയ സമരയോദ്ധാക്കളെ മുട്ടിൽ നിന്നുകൊണ്ട് വെടിവച്ചു. പിന്നെ നിലത്തുകിടന്നും അവർ വെടിവച്ചു. ഭാസ്കരന്റെ ഇടതുതോളിൽ പതിച്ച വെടിയുണ്ട വാരിയെല്ലിന് ഇടയിൽക്കൂടി പുറത്തുവന്നു. പരിശോധനയിൽ സ്വയം ചത്തോളുമെന്നു പറഞ്ഞ് പട്ടാളക്കാർ കൊന്നില്ല. അവർ ബോട്ടിൽ കയറി സ്ഥലംവിട്ടപ്പോൾ ഇഴഞ്ഞുനീങ്ങി ഒഴിഞ്ഞൊരു വീട്ടിൽ കിടന്നു. പിറ്റേന്നു രാവിലെ കളവംകോട് ക്യാമ്പിലേക്കു പോയി. രണ്ടരമാസം മിലിറ്ററി ആശുപത്രിയിൽ ആയിരുന്നു. ആശുപത്രിയിൽ നിന്ന് ചേർത്തല ലോക്കപ്പിലായി. ജാമ്യത്തിലിറങ്ങി. രണ്ടുകൊല്ലം കഴിഞ്ഞ് മറ്റൊരു കേസിൽ ജയിലിലടച്ചു.

