എൻ. കുട്ടി
മാവേലിക്കര ഭരണിക്കാവ് കൊപ്പര തെക്കേതിൽ തെക്കേമാൻകുഴി എൻ. കുട്ടി വില്യം ഗുഡേക്കർ കമ്പനിയിലും പിന്നീട് ആസ്പിൻവാൾ കമ്പനിയിലും തൊഴിലാളിയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിലും ലേബർ അസോസിയേഷനിലും പ്രവർത്തിച്ചു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് അക്കാമ്മ ചെറിയാൻ നയിച്ച ഘോഷയാത്രയുടെ മുന്നിൽ മാർച്ച് ചെയ്ത ചുവപ്പു വോളണ്ടിയർ സംഘത്തിലെ അംഗമായിരുന്നു. റാഡിക്കൽ കോൺഗ്രസ് അംഗമായിരുന്ന കുട്ടി ബോംബെ കമ്പനിയിൽ നിന്നും രാത്രി ചരക്ക് കൊണ്ടുപോകുന്നതിനെ തടയാൻ നിയോഗിക്കപ്പെട്ട വോളണ്ടിയർമാരിൽ ഒരാളായിരുന്നു. രാത്രി വൈദ്യനാഥ അയ്യർ വോളണ്ടിയർമാരെ ക്രൂരമായി മർദ്ദിച്ചു. അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ലാത്തിച്ചാർജ്ജിനിടെ പിടികൊടുക്കാതെ രക്ഷപ്പെട്ട കുട്ടി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികളുടെ ജാഥ പിറ്റേദിവസം കൊമ്മാടിയിൽ നിന്ന് തെക്കോട്ട് സംഘടിപ്പിച്ചു. ഈ ജാഥ പിരിച്ചുവിടുന്നതിന് പൊലീസ് വെടിവയ്ക്കുകയും മൂന്ന് സഖാക്കൾ രക്തസാക്ഷികളായി. തുടർന്ന് വോളണ്ടിയർ ക്യാമ്പ് പിരിച്ചുവിട്ട് കുട്ടി ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയി. ഈ സമരകാലത്ത് ഡാറാസ്മെയിൽ കമ്പനിയിൽ ചായം മുക്കുന്ന ജോലിയിലായിരുന്നു. സോമൻ എന്ന പേരിൽ മാവേലിക്കര ഭാഗത്താണ്ഒളിവിൽ താമസിച്ചിരുന്നത്. ഒരുവർഷം കഴിഞ്ഞ് കേസുകൾ പിൻവലിച്ചപ്പോൾ ആലപ്പുഴയിൽ തിരിച്ചെത്തി. പുന്നപ്ര-വയലാർ സമരകാലത്ത് ആസ്പിൻവാളിൽ തടുക്ക് നെയ്ത്തായിരുന്നു തൊഴിൽ. കൊറ്റംകുളങ്ങര കൊമ്മാടി പാലത്തിനു കിഴക്കുവശം ഉണ്ടായിരുന്ന ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്നു മൂന്നുവർഷം മാവേലിക്കര, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. പിന്നീട് തമിഴ്നാട്ടിലേക്കു പോയി. എസ്റ്റേറ്റിൽ ജോലി ചെയ്തു. കേസ് പിൻവലിച്ചതിനെത്തുടർന്ന് ആലപ്പുഴയിൽ തിരിച്ചെത്തി.