വി.ഇ. കരുണാകരന്
കഞ്ഞിക്കുഴി അത്തിക്കാട്ടുവീട്ടില് ഇട്ടിയാതിയുടെയും കായിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ. കണ്ണര്‍കാട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കണ്ണർക്കാട്ട് ക്യാമ്പിന്റെ വോളന്റിയർ ക്യാപ്റ്റൻ ആയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന വോളന്റിയർമാർക്കു ഭക്ഷണം വച്ചുനല്കിയിരുന്നത് കരുണാകരന്റെ വീട്ടിൽ നിന്നായിരുന്നു. പൊളിച്ച മാരാരിക്കുളം പാലത്തിൽ നിന്ന് മുക്കാൽ കിലോമീറ്റർ അകലെയായിരുന്നു ക്യാമ്പ്. പട്ടാളം പാലം പുനർനിർമ്മിക്കുന്നവിവരം ബാലനായ പളനിയാണ് അറിയിച്ചത്. കുറച്ചു പട്ടാളക്കാർ മാത്രമേയുള്ളൂവെന്നാണ് അപ്പോൾ ഉണ്ടായിരുന്ന ധാരണ. കരിങ്ങാട്ടുവെളി, പൂത്തുറ, പുത്തൻപുര ക്യാമ്പുകളിൽ നിന്നുകൂടി വോളന്റിയർമാരെ സംഘടിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ 300 വോളന്റിയർമാർ മാർച്ച് ചെയ്തു. ഒളിഞ്ഞിരുന്ന പട്ടാളക്കാർ വെടിയുതിർത്തു. വാനിൽ കയറാൻ ശ്രമിക്കുകയായിരുന്ന പട്ടാളക്കാരനിൽ നിന്നും തോക്ക് പിടിച്ചുവാങ്ങാൻ കരുണാകരൻ ശ്രമിച്ചു. പട്ടാളക്കാർ പാലം പണി പൂർത്തിയാക്കാതെ ലോറികളിൽ വടക്കോട്ടു പോയി. പിഇ8/122 നമ്പർ കേസിനെ തുടർന്ന് ഒരുവർഷക്കാലം (1946 ഒക്ടോബർ മുതൽ 1947 നവംബർ വരെ) ഒളിവിലായിരുന്നു. സമരാനന്തരം ബീഡി തെറുപ്പ്, കുമ്മായം കച്ചവടം എന്നിവയായിരുന്നു ജീവിതമാര്‍ഗ്ഗം. 2007-ല്‍ അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: സുലോചന, സുധര്‍മ്മ.