പി. കൃഷ്ണപിള്ള
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തെ ഏറ്റവും നിർണായകമായി സ്വാധീനിച്ചനേതാവായിരുന്നു സഖാവ് പി. കൃഷ്ണപിള്ള. ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഏതാണ്ട് എല്ലാ സമര നേതാക്കളും തങ്ങളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നത് സഖാവാണെന്ന്അഭിമാനപുരസരംപറഞ്ഞിട്ടുണ്ട്
വൈക്കത്തെ പറൂർവീട്ടിൽ 1906-ൽ മണ്ണാംപള്ളി നാരായണന്റെയും പാർവ്വതിഅമ്മയുടെയും മകനായി ജനിച്ചു. 13-14 വയസായപ്പോൾ അച്ഛനും അമ്മയും മരിച്ചു. നാലാംക്ലാസിൽ വിദ്യാഭ്യാസം അവസാനിച്ചു. 1921-ൽ കുറച്ചുനാൾ ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി. വൈക്കം സത്യാഗ്രഹ വേദിയിലെ ഒരു പതിവു സന്ദർശകനായിരുന്നു 18 വയസുകാരനായിരുന്ന കൃഷ്ണപിള്ള.
ഉത്തരേന്ത്യൻ പര്യടനത്തിനുശേഷം തിരികെവന്നത് ദേശീയവാദിയായ ഹിന്ദി പ്രചാരകനായിട്ടാണ്. അധികം താമസിയാതെ പ്രവർത്തനമേഖല മലബാറിലേക്കുമാറ്റി. ഉപ്പ് സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തു. 1934-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. 1937-ൽ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേറ്റു. ശുദ്ധ ദേശീയവാദികളിൽ നിന്നു വ്യത്യസ്തമായി തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തെ കോൺഗ്രസ് സോഷ്യലിസ്റ്റുകൾ പിന്താങ്ങിയത് തിരുവിതാംകൂറിൽ ശ്രദ്ധിക്കപ്പെട്ടു. 1935 മെയ് 26-ന് കോഴിക്കോട് വച്ചുനടന്ന ഒന്നാം അഖിലകേരള തൊഴിലാളി സമ്മേളനത്തിൽ വച്ച് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയായ ആർ. സുഗതനെ പരിചയപ്പെട്ടു. നിവർത്തനപ്രക്ഷോഭത്തിന്റെ വിജയത്തിനുശേഷം സാമുദായിക കക്ഷികളും മറ്റു ദേശീയവാദികളും ചേർന്ന് സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചു. ഉത്തരവാദിത്വ ഭരണം സ്റ്റേറ്റ് കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു. തിരുവിതാംകൂറിലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിനു കൃഷ്ണപിള്ളയുടെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും പ്രത്യക്ഷമായ പിന്തുണയും പങ്കാളിത്തവും ഉണ്ടായിരുന്നു. 1938-ൽ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം കൊടുമ്പിരികൊണ്ട വേളയിലാണ് ആലപ്പുഴയിൽ തൊഴിലാളികൾ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടും തങ്ങളുടെ തൊഴിൽപ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും പൊതുപണിമുടക്ക് ആരംഭിക്കുന്നത്. 1935-ൽ രാജാവിനെകണ്ടു സങ്കടമുണർത്തിക്കാനുള്ള പ്രക്ഷോഭജാഥ അടിച്ചമർത്തപ്പെട്ടശേഷം പി. കൃഷ്ണപിള്ളയാണ് ആലപ്പുഴ തൊഴിലാളികൾക്ക് പൊതുപണിമുടക്കം അല്ലാതെ മറ്റു മാർഗ്ഗമില്ലായെന്ന് ആദ്യമായി എഴുതിയത്. പൊതുപണിമുടക്കത്തിന്റെ മുഖ്യസംഘാടകൻ സഖാവായിരുന്നു. ഒരുസംഘം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പ്രവർത്തകർ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ എത്തിച്ചേർന്നു. അവർ പണിമുടക്ക് സംഘടനയെ അതിവേഗത്തിൽ കെട്ടിപ്പടുത്തു. പണിമുടക്കം ആരംഭിച്ച മൂന്നാംപക്കം സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം ദിവാനുമായി ഒത്തുതീർപ്പിലെത്തി സമരം പിൻവലിച്ചു. ജയിലിൽ നിന്നു പുറത്തുവന്ന യൂണിയൻ നേതാക്കൾ പണിമുടക്കം പിൻവലിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ഇതു തള്ളിക്കളഞ്ഞ് സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും കരിങ്കാലികൾക്കെതിരെ പിക്കറ്റിംഗ് സമരം തുടങ്ങുന്നതിനും സഖാവ് മുൻകൈയെടുത്തു. എന്നാൽ സമരം 25 ദിവസം പിന്നിട്ടപ്പോൾ സ്ട്രൈക്ക് കമ്മിറ്റിയോടു ചോദിക്കാതെ പഴയ യൂണിയൻ നേതാക്കൾ സമരം ഒത്തുതീർപ്പിലാക്കി. സ്ട്രൈക്ക് കമ്മിറ്റിയും പ്രധാന തൊഴിലാളി പ്രവർത്തകരുമാകട്ടെ സമരം തുടരണമെന്ന വാശിക്കാർ ആയിരുന്നു. എന്നാൽ കൃഷ്ണപിള്ളയും എകെജിയും ശക്തിയായി രാത്രി മുഴുവൻ വാദിച്ച് സമരം സ്ട്രൈക്ക് കമ്മിറ്റിയെക്കൊണ്ട് പിൻവലിപ്പിച്ചു. തൊഴിലാളികളുടെ ഐക്യം ഉറപ്പുവരുത്തി. മിതവാദികളായ നേതാക്കന്മാർ പുറംതള്ളപ്പെട്ടു. അവരിൽ ആർ. സുഗതനെപ്പോലുള്ള നേതാക്കൾ തൊഴിലാളികൾക്കൊപ്പം നിലയെടുത്തു. ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തെ ഈ സമരം അടിമുടി മാറ്റി. തൊഴിലാളികൾ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞു. അവർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുതലാളി പക്ഷപാതിത്വത്തെ തിരിച്ചറിഞ്ഞു. ആലപ്പുഴ പണിമുടക്കം സ്റ്റേറ്റ് കോൺഗ്രസിലെ യൂത്ത് ലീഗുകാരെ റാഡിക്കൽ ഗ്രൂപ്പിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലേക്കും എത്തിച്ചു. ആദ്യ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ഘടകങ്ങളുടെ കാര്യത്തിലെന്നപോലെ ആലപ്പുഴയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഘടകങ്ങളും പി. കൃഷ്ണപിള്ള വ്യക്തിപരമായി മുൻകൈയെടുത്താണു സംഘടിപ്പിച്ചത്. യുദ്ധാനന്തരം പുന്നപ്ര-വയലാർ സമരത്തിന്റെ രാഷ്ട്രീയതന്ത്രം ആവിഷ്കരിക്കുന്നതിൽ സഖാവ് പങ്കാളിയായി. ദിവാൻ വിളിച്ചുചേർത്ത ത്രികക്ഷി സമ്മേളനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുണ്ടായ പ്രവർത്തകരിലെ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്തു. സമരത്തിനു മുമ്പ് സമരനേതാക്കളും കൃഷ്ണപിള്ളയും ഇഎംഎസും തമ്മിൽ വിശദമായ ചർച്ച കോഴിക്കോടുവച്ച് നടത്തി. അതിനുശേഷമാണ് കെ.വി. പത്രോസ് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം വാങ്ങാൻ ബോംബെയിലേക്കു പോയത്. സമരത്തിനു തൊട്ടുമുമ്പ് കായലിൽ ഒരു കെട്ടുവള്ളത്തിൽവച്ച് സമരനേതാക്കളുമായുള്ള കൂടിയാലോചനയിൽ സഖാവും ഇഎംഎസും ഉണ്ടായിരുന്നു. മലബാറിലേക്ക് ഒളിവിൽവന്ന നൂറുകണക്കിനു സഖാക്കൾക്ക് അഭയം നൽകുന്നതിനും ആലപ്പുഴയുമായി ബന്ധംവയ്ക്കുന്നതിനുള്ള ടെക് സംഘടനയ്ക്കു രൂപംനൽകുന്നതിനും മുൻകൈയെടുത്തത് സഖാവ് ആയിരുന്നു. രണ്ടാം പാർടി കോൺഗ്രസിനുശേഷം രഹസ്യ സംഘടന കെട്ടിപ്പടുക്കുകയും അതിന്റെ ഭാഗമായി ആലപ്പുഴ കണ്ണർകാട് ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണു പാമ്പ് കടിയേറ്റ് അന്തരിക്കുന്നത്. സഖാവ് എഴുതിയ അവസാന വാക്കുകൾ പ്രസിദ്ധമാണ്:“എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തുസംഭവിക്കുമെന്ന് എനിക്ക് അറിയാം. സഖാക്കളേ മുന്നോട്ട്… ലാൽസലാം..”