പപ്പുവാസു
വയലാര്‍ ചാനിയില് കുറുന്തോട്ടം വീട്ടിലാണ് പപ്പു വാസുവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കയർഫാക്ടറി തൊഴിലാളിയായിരുന്നു. തൊഴിലാളി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കൊല്ലപ്പള്ളി ക്യാമ്പിലായിരുന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള അമ്പലത്തിനു പുറകിലുണ്ടായിരുന്ന വയലാർ ക്യാമ്പിലേക്ക് മൂന്നു ദിവസം മുമ്പ് നിയോഗിക്കപ്പെട്ടു. വെടിവയ്പ്പിൽ വലതുതോളിനും വലതുചന്തിക്കും വെടിയേറ്റു. കഷ്ടിച്ച് ഇരുപതുവാരം മാത്രം അകലെനിന്നുള്ള യന്ത്രത്തോക്കിൽ നിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞുവന്നുകൊണ്ടിരുന്നു. കണ്ണുതുറന്നപ്പോൾ കോയിക്കൽ അമ്പലത്തിന്റെ തെക്ക്-പടിഞ്ഞാറായി കിടക്കുന്ന തോടിന്റെ താഴ്ചയിലാണു കിടന്നിരുന്നത്. അവിടുന്ന് പടിഞ്ഞാറേക്കു നീന്തി പുല്ലൻചിറചാലിൽ ചെന്നു. അവിടെനിന്ന് മുക്കിയിട്ടിരുന്ന ഒരു വള്ളം സഖാക്കൾ പൊക്കിയെടുത്തു വെള്ളം കളഞ്ഞ് അക്കരെയിറക്കി കൊല്ലപ്പള്ളി ക്യാമ്പിൽ കൊണ്ടുപോയി. രണ്ടാഴ്ച പൊലീസിനും പട്ടാളത്തിനും പിടികൊടുക്കാതെ ഒളിച്ചു നടന്നു. മുറിവ് പഴുത്തു ദുർഗന്ധം വമിച്ചു തുടങ്ങി. ഒരു പുലയസ്ത്രീ വള്ളത്തിൽ കിടത്തി കായലിലൂടെ ഊന്നി മുസാവരിയിൽ കൊണ്ടുപോയി. റ്റിബിയിൽ തമ്പടിച്ചിരുന്ന പട്ടാളത്തിനു മുന്നിലൂടെയാണു പോയത്. രണ്ടുമാസം ചേർത്തല ആശുപത്രിയിൽ കിടന്നു. പിന്നെ രണ്ടാഴ്ച ജയിലിലും. ജാമ്യത്തിൽ ഇറങ്ങിയശേഷം പിന്നെ പൊലീസ് സ്റ്റേഷനിലേക്കു പോയില്ല. ഭാര്യമാർ: ഭൗമി, സരോജിനി. മക്കൾ: സുപ്രഭ, സുഭദ്ര, ശോഭ, സതീശൻ.

